ലക്ഷ്മി വിലാസ് ബാങ്ക് ഇന്നു മുതല്‍ ഡിബിഎസ് ഇന്ത്യ ബാങ്ക്

94 വര്‍ഷം പ്രവര്‍ത്തനപാരമ്പര്യമുള്ള ലക്ഷ്മി വിലാസ് ബാങ്ക് ഇനിയില്ല. വെള്ളിയാഴ്ചമുതല്‍ ലക്ഷ്മി വിലാസ് ബാങ്ക് ശാഖകള്‍ ഡി.ബി.എസ്. ഇന്ത്യ ബാങ്കിന്റെ ശാഖകളായി പ്രവര്‍ത്തനം തുടങ്ങി.
ലക്ഷ്മിവിലാസ് ബാങ്കിലെ അക്കൗണ്ടുടമകള്‍ വെള്ളിയാഴ്ചമുതല്‍ ഡി.ബി.എസ്. ബാങ്ക് ഇന്ത്യയുടെ ഉപഭോക്താക്കളായിമാറും.
ബാങ്കിന് ആര്‍.ബി.ഐ. ഏര്‍പ്പെടുത്തിയ മൊറട്ടോറിയം പിന്‍വലിച്ചു. നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാനുള്ള നിയന്ത്രണവും നീക്കിയിട്ടുണ്ട്. ലക്ഷ്മി വിലാസ് ബാങ്കിനെ ഡി.ബി.എസ്. ഇന്ത്യ ബാങ്കില്‍ ലയിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതിനുപിന്നാലെയാണിത്.
സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുപ്രകാരം ലക്ഷ്മി വിലാസ് ബാങ്കില്‍ 20,973 കോടി രൂപയുടെ നിക്ഷേപവും 16,622 കോടി രൂപയുടെ വായ്പകളുമാണുള്ളത്. 4,063 കോടി രൂപ കിട്ടാക്കടമായി മാറിയിട്ടുണ്ട്. ഒമ്പതുദിവസം മാത്രമാണ് ആര്‍.ബി.ഐ. മൊറട്ടോറിയം നിലനിന്നത്. അതിനുള്ളില്‍ രക്ഷാപദ്ധതി പൂര്‍ത്തിയാക്കി.
വ്യാഴാഴ്ചമുതല്‍ ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികളുടെ വ്യാപാരം നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ലയനപദ്ധതിക്ക് അംഗീകാരമായതോടെ ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികള്‍ ഓഹരിവിപണിയില്‍ സ്വയം ഡീ ലിസ്റ്റ് ചെയ്യപ്പെടും. ഇതുമൂലം ബാങ്കിന്റെ ഓഹരികളില്‍ നിക്ഷേപിച്ചിരുന്നവര്‍ക്ക് പണം പൂര്‍ണമായി നഷ്ടമാകും.