കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു

* ഗോപി കോട്ടമുറിയ്ക്കൽ പ്രസിഡൻറ്, എം.കെ കണ്ണൻ വൈസ് പ്രസിഡൻറ്


105 വർഷങ്ങളുടെ ചരിത്രമുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്കായി രൂപീകരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് വിജയിച്ച ആദ്യ ഭരണ സമിതിയുടെ പ്രസിഡന്റായി ഗോപി കോട്ടമുറിയ്ക്കലും വൈസ് പ്രസിഡന്റായി എം.കെ. കണ്ണനും ചുമതലയേറ്റു.
മറ്റു ഭരണസമിതി അംഗങ്ങൾ: എസ് ഷാജഹാൻ, അഡ്വ: ജി ലാലു, എം. സത്യപാലൻ, എസ്. നിർമ്മല ദേവി, കെ.ജെ. ഫിലിപ്പ്, കെ.വി. ശശി, അഡ്വ: പുഷ്പ ദാസ്, എ. പ്രഭാകരൻ, ഇ. രമേശ് ബാബു, പി ഗഗാറിൻ, കെ. ജെ. വത്സലകുമാരി, സാബു അബ്രഹാം. സ്വതന്ത്ര പ്രൊഫഷണൽ ഡയറക്ടറായി  പഞ്ചാബ് ആൻറ് സിന്ധ് ബാങ്ക് മുൻ എം.ഡി എസ്. ഹരിശങ്കറിനെ സർക്കാർ നാമനിർദ്ദേശം ചെയ്തു.
ബോർഡ് ഓഫ് മാനേജ്‌മെന്റിലേക്ക് ഭരണസമിതിയിൽ നിന്നും ആറു പ്രതിനിധികളെ നോമിനേറ്റ് ചെയ്തു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അഡ്വ: ജി. ലാലു (കൊല്ലം), കെ.ജെ ഫിലിപ്പ് (കോട്ടയം), എസ്. ഷാജഹാൻ (തിരുവനന്തപുരം), കെ.ജെ വത്സലകുമാരി (കണ്ണൂർ) എന്നിവരാണിവർ.
ബോർഡ് ഓഫ് മാനേജ്‌മെന്റിലേക്ക് നോമിനികളായി വി. രവീന്ദ്രൻ (ആർ ബി ഐ റിട്ട. എ.ജി എം- ബാങ്കിംഗ് രംഗം), കെ.എൻ. ഹരിലാൽ, (മെമ്പർ, ആസൂത്രണ ബോർഡ് -സാമ്പത്തിക രംഗം), പി.എ. ഉമ്മർ (മുൻ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് -സഹകരണരംഗം),  അഡ്വ. മാണി വിതയത്തിൽ -(നിയമരംഗം), ഡോ. ജിജു പി. അലക്‌സ് (പ്രൊഫസർ, കേരള കാർഷിക സർവ്വകലാശാല, കൃഷിരംഗം). ഒരാളെ പിന്നീട് നിശ്ചയിക്കും.
2019 നവംബർ 29ന്  നിലവിൽ വന്ന കേരള ബാങ്ക് (കേരള സംസ്ഥാന സഹകരണ ബാങ്ക്) ഒന്നാം വർഷം ഒരു ലക്ഷത്തി അയ്യായിരം കോടി രൂപയുടെ ബിസിനസ്സ് ലക്ഷ്യം കൈവരിച്ചു. ഈ വർഷം ഒക്ടോബർ 31 വരെ 270 കോടി രൂപയുടെ പ്രവർത്തന ലാഭം ഉണ്ടാക്കിയിട്ടുണ്ട്.
നിലവിൽ 40265 കോടി രൂപയുടെ വായ്പകൾ നൽകിയിട്ടുണ്ട്. നിക്ഷേപം 62450 കോടിയുണ്ട്. 5619 ജീവനക്കാരുള്ള ബാങ്കിന്റെ ആളോഹരി ബിസിനസ്സ് 18.44 കോടി രൂപയാണ്. 769 ശാഖകളുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കാണ്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കും ആണ്. കേരള സംസ്ഥാന സഹകരണ ബാങ്കിന് 300-ൽ അധികം എ.ടി.എമ്മുകളും ആറു മൊബൈൽ എ.ടി.എമ്മും ഉണ്ട്. നബാർഡ് സഹായത്തോടെ 10 മൊബൈൽ എ.ടി.എമ്മുകൾ ഉടൻ ലഭ്യമാകും.
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ 57 ശതമാനം ഓഹരിയുണ്ട്. 4599 പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ ശാഖകൾ ഉൾപ്പെടെ 5668 വൺ ടച്ച് പോയിൻറുകൾ കേരള ബാങ്കിന് സംസ്ഥാനത്ത് ആകെയുണ്ട്.
ചുമതലയേൽക്കലിനുശേഷം നടന്ന അനുമോദനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക്, സഹകരണ സെക്രട്ടറി മിനി ആൻറണി, കേരള ബാങ്ക് സി.ഇ.ഒ പി.എസ്. രാജൻ, നബാർഡ് ചീഫ് ജനറൽ മാനേജർ പി. ബാലചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.