വിന്റേജ് കാറുകള്‍ക്ക് പ്രത്യേക നമ്പറും രജിസ്‌ട്രേഷനും വരുന്നു


രാജ്യത്തെ വിന്റേജ് കാറുകള്‍ക്കും ബൈക്കുകള്‍ക്കുമായി പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനം വരുന്നു. ഇതനുസരിച്ച് വിന്റേജ് വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പറും നമ്പര്‍ പ്ലേറ്റും നല്‍കും.
50 വര്‍ഷത്തിലേറെ പഴക്കമുള്ളതും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്തതുമായ ഇരുചക്ര വാഹനങ്ങളെയും കാറുകളെയുമാണ് വിന്റേജ് വാഹനങ്ങളായി പരിഗണിക്കുന്നത്.
ഇതില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടുള്ള വാഹനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിന്റേജ് വാഹനങ്ങളില്‍ 10 അക്ക നമ്പറുള്ള പ്രത്യേക നമ്പര്‍ പ്ലേറ്റുകളായിരിക്കും നല്‍കുക. നമ്പര്‍ പ്ലേറ്റുകളില്‍ നല്‍കുന്ന സംസ്ഥാന കോഡിന് ശേഷം VA എന്ന് കൂടി രേഖപ്പെടുത്തും. 0001 മുതല്‍ 9999 വരെയുള്ള നമ്പറുകള്‍ വിന്റേജ് വാഹനങ്ങള്‍ക്കും അനുവദിക്കും.
10 വര്‍ഷത്തേക്കായിരിക്കും വിന്റേജ് വാഹനങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍. ഇതിനായി 20,000 രൂപ ഈടാക്കും. ഈ കാലവധിക്ക് ശേഷമുള്ള റീ രജിസ്‌ട്രേഷനുകള്‍ക്ക് 5000 രൂപ വീതവും ഈടാക്കും.