അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ ഉല്പാദിപ്പിച്ച് കേരള സര്‍ക്കാര്‍ സ്ഥാപനം

അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ വിജയകരമായി ഉല്‍പ്പാദിപ്പിച്ച്‌ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി). സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനിലെ വിദഗ്ധര്‍ കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തി മരുന്നുകള്‍ പരിശോധിച്ച്‌ ഉല്‍പ്പാദനത്തിലും ഗുണനിലവാരത്തിലും സംതൃപ്തി രേഖപ്പെടുത്തിയതായും വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ വിജയകരമായി ഉല്‍പ്പാദിപ്പിച്ച്‌ അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ് കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി). മാറ്റിവച്ച അവയവം ശരീരം തിരസ്‌കരിക്കാതിരിക്കാനുള്ള അസത്തിയോപ്രൈന്‍, ട്രാക്കോലിമസ് എന്നിവയാണ് കലവൂരിലെ പ്ലാന്‍ില്‍ തയ്യാറാക്കിയത്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനിലെ വിദഗ്ധര്‍ കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തി മരുന്നുകള്‍ പരിശോധിച്ച്‌ ഉല്‍പ്പാദനത്തിലും ഗുണനിലവാരത്തിലും സംതൃപ്തി രേഖപ്പെടുത്തി.

മരുന്നുകള്‍ മനുഷ്യനില്‍ പരിശോധിക്കാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചാണ് വിദഗ്ധ സംഘം മടങ്ങിയത്. അവയവം മാറ്റിവെച്ചവര്‍ ജീവിതകാലം മുഴുവന്‍ കഴിക്കേണ്ട മരുന്നുകളാണിത്. പൊതുവിപണിയില്‍ വലിയ വില വരുന്ന മരുന്ന് കുറഞ്ഞ വിലയില്‍ രോഗികള്‍ക്ക് ലഭ്യമാക്കാന് ഇതിലൂടെ കഴിയും. പൊതുവിപണിയുടെ ആറിലൊന്ന് വിലയ്ക്ക് കെഎസ്ഡിപി ഉല്‍പാദിപ്പിക്കുന്ന മരുന്ന് നല്‍കാനാകും. സംസ്ഥാനത്ത് പ്രതിവര്‍ഷം അയ്യായിരം പേര്‍ 32 കോടി രൂപയ്ക്കാണ് ഇപ്പോള്‍ ഈ മരുന്ന് പൊതുവിപണിയില്‍ നിന്ന് വാങ്ങുന്നത്. എന്നാല്‍ കെഎസ്ഡിപിയില്‍ നിന്ന് 5.2 കോടി രൂപയ്ക്ക് ഇവ് ലഭ്യമാകും.

അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള 13 ഇനം മരുന്നുകളില്‍ ഒമ്ബതും കലവൂരില്‍ നിര്‍മിക്കും. പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ വര്‍ഷത്തില്‍ 181 കോടി ടാബ്‌ലറ്റും 5.03 കോടി ക്യാപ്സൂളുകളും 1.08 കോടി യൂണിറ്റ് ലിക്വിഡും ഉല്‍പ്പാദിപ്പിക്കാനാകും. പ്ലാന്റ് സ്ഥാപിക്കാനും മരുന്ന് നിര്‍മാണത്തിനും 10 കോടി രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. ബജറ്റില്‍ വകയിരുത്തിയ 38.5 കോടിയും നേരത്തെ സര്‍ക്കാര്‍ അനുവദിച്ച 2.5 കോടിയും കെഎസ്ഡിപി തനതായി 1.87 കോടിയും പദ്ധതിക്കായി ഉപയോഗപ്പെടുത്തി.