ഓഹരി വിപണിയില്‍ ഇന്ത്യ യുഎസിനെ കടത്തിവെട്ടി; ലോകരാജ്യങ്ങളില്‍ രണ്ടാം സ്ഥാനം

ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റം നടത്തിയ ലോകരാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്. യുഎസിനെ പിന്നിലാക്കിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ലോകത്തൊട്ടാകെയുള്ള ഓഹരി വിപണികളില്‍ മികച്ച മുന്നേറ്റമാണുണ്ടായത്. മാര്‍ച്ചിലെ കനത്ത തകര്‍ച്ചയില്‍നിന്ന് ഓഹരി സൂചികകള്‍ 76ശതമാനം ഉയര്‍ന്നു. ലോകത്തെ 10 പ്രമുഖ ഓഹരി സൂചികകളില്‍ കനേഡിയന്‍ ഓഹരി സൂചികകളാണ് 79ശതമാനം നേട്ടത്തോടെ മുന്നില്‍. യുഎസ് വിപണി 73ശതമാനത്തോടെ മൂന്നാമതുമെത്തി. വിദേശ നിക്ഷേപം ഒഴുകിയെത്തിയതോടെ ഇന്ത്യന്‍ ഓഹരി വിപണി ഇപ്പോള്‍
റെക്കോഡ് വിപണിമൂല്യത്തിലാണ്. 2.31 ലക്ഷംകോടി രൂപയാണ് മൊത്തം മൂല്യം.
വായ്പ നയത്തിലെ അനുകൂലഘടകങ്ങളും യുഎസ് തിരഞ്ഞെടുപ്പിനെതുടര്‍ന്ന് അനിശ്ചിതത്വം നിങ്ങിയതും ആഭ്യന്തര സൂചികകള്‍ക്ക് കരുത്തുപകര്‍ന്നിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ശുഭസൂചനകളാണ് വിപണിയില്‍ അടുത്തയിടെയുണ്ടായ മുന്നേറ്റത്തിന്റെ പ്രധാന മറ്റൊരു കാരണം. വിപണിയിലെ നേട്ടത്തിനുപിന്നില്‍ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തവും ചെറുതല്ല. എന്‍എസ്ഇയിലെ പ്രതിദിന കാഷ് മാര്‍ക്കറ്റ് വിറ്റുവരവ് റെക്കോഡ് നിലവാരമായ 1.47 ലക്ഷം കോടി രൂപയിലെത്തി.