ബെംഗളൂരു വിമാനത്താവളത്തിലേക്ക് ട്രെയിന്‍ സര്‍വീസ്

ബെംഗളൂരു കെംമ്പഗൌഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. സൌത്ത് വെസ്റ്റേണ്‍ റെയില്‍വേ സോണിന് കീഴിലാണ് സര്‍വീസ് ആരംഭിക്കുന്നത്. വിമാനത്താവളത്തിന് സമീപത്ത് ഇതിനായി മൂന്ന് കോടിയുടെ പദ്ധതി നടപ്പിലാക്കും. ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഡൊഡ്ഡജല, ദേവനഹള്ളി സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ ഹാള്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് 3.5 കിലോമീറ്റര്‍ അകലെയാണ് റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. 28,000 ഓളം വരുന്ന ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഫലപ്രദമാകും.
ഈ റൂട്ടിലെ ട്രെയിന്‍ ഷെഡ്യൂളുകളെ അടിസ്ഥാനമാക്കി ഹാള്‍ട്ട് സ്റ്റേഷനും എയര്‍പോര്‍ട്ട് ടെര്‍മിനലിനുമിടയില്‍ ഷട്ടില്‍ സര്‍വീസുകളുമാണ് നടത്തുക. ബൈംഗളൂരു വിമാനത്താവളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും.
നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിലേക്കെത്താന്‍ റോഡ് ഗതാഗതത്തെയും സ്വകാര്യ കാറുകളെയുമാണ് യാത്രക്കാര്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. പ്രധാനമായും ടാക്‌സികളാണ് യാത്രക്കാര്‍ക്ക് ആശ്വാസമായിരുന്നത്. ഓരോ 15 മിനിറ്റിലും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വിമാനത്താവളത്തിലേക്ക് സൗജന്യ ഷട്ടില്‍ സര്‍വീസ് ആരംഭിക്കുമെന്ന് നേരത്തെ ബെംഗളൂരു റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അശോക് കുമാര്‍ വര്‍മ വ്യക്തമാക്കിയിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വിമാനത്താവളത്തിലേക്കെത്താന്‍ എട്ട് മിനിറ്റ് സമയം മാത്രമാണെടുക്കുക.
വിമാനത്താവളത്തിലേക്ക് മൂന്ന് ജോഡി ട്രെയിനുകള്‍ സര്‍വീസ് നടത്താനാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പദ്ധതിയിടുന്നത്. ഒരു ട്രെയിന്‍ ക്രാന്തിവേര സംഗൊല്ലി റായന്ന ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 4.45 നും മറ്റൊരു ട്രെയിന്‍ രാത്രി 9 നും പുറപ്പെടും. മൂന്നാമത്തെ ട്രെയിന്‍ യെലഹങ്കയില്‍ നിന്ന് രാവിലെ 7 ന് പുറപ്പെടും. മടക്കയാത്രയ്ക്കായി ദേവനഹള്ളിയില്‍ നിന്ന് രാവിലെ 6.30, രാവിലെ 7.45, രാത്രി 10.30 ന് ട്രെയിനുകള്‍ പുറപ്പെടും.