2 ലക്ഷത്തിലധികമുള്ള ഓണ്‍ലൈന്‍ പണമിടപാട് നാളെ മുതല്‍ 24 മണിക്കൂറും

രണ്ട് ലക്ഷം രൂപയില്‍ കൂടുതലുള്ള ഓണ്‍ലൈന്‍ പണമിടപാട് ഡിസംബര്‍ ഒന്നുമുതല്‍ 24 മണിക്കൂറും നടത്താം. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് 365 ദിവസവും 24 മണിക്കൂറും റിയല്‍ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) വഴി പണം കൈമാറാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. നിലവിലെ നിയമപ്രകാരം, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും ഒഴികെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് പണമിടപാട് നടത്താന്‍ കഴിഞ്ഞിരുന്നത്.
ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് വലിയ തുക കൈമാറാനാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്. ആര്‍ടിജിഎസ് വഴി അയയ്ക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 2 ലക്ഷം രൂപയാണ്.
നെഫ്റ്റ് സൗകര്യം സൗജന്യമാണെങ്കിലും, ആര്‍ടിജിഎസ് പേയ്‌മെന്റിന് ചാര്‍ജുകള്‍ ഈടാക്കാം. ഈ നിരക്കുകള്‍ ഓരോ ബാങ്കിലും വ്യത്യാസമുണ്ടാകും.
2 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെയുള്ള ആര്‍ടിജിഎസ് ഇടപാടിന് ആര്‍ബിഐ നി!ര്‍ദ്ദേശിച്ചിരിക്കുന്ന ചാര്‍ജ് 24.50 രൂപയില്‍ കൂടരുത് എന്നാണ്. 5 ലക്ഷത്തിന് മുകളില്‍ 49.50 രൂപയില്‍ കൂടരുത്. ഇതിലും കുറഞ്ഞ നിരക്ക് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അനുമതിയുണ്ട്. പക്ഷേ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന നിരക്കിനേക്കാള്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ല.
ഇതോടെ നാളെ മുതല്‍ ആഗോളതലത്തില്‍ വലിയ മൂല്യമുള്ള തത്സമയ പേയ്‌മെന്റ് സംവിധാനം 24 മണിക്കൂറും ലഭ്യമാകുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറും.