യമഹ FZ-S FI വിന്റേജ് എഡിഷൻ വിപണിയിൽ

യമഹയുടെ ഇന്ത്യൻ ശ്രേണിയിലെ ഒരു പ്രധാന മോഡൽ FZ-S FI. 150 സിസി സെഗ്മെന്റിൽ മത്സരിക്കുന്ന FZ-S FI-യ്ക്ക് വിന്റേജ് എഡിഷൻ എന്ന പേരിൽ ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ ഒരുക്കിയിരിക്കുകയാണ് യമഹ. ക്ലാസിക് ലുക്കിൽ അണിയിച്ചൊരുക്കിയിരിക്കുന്ന FZ-S FI വിന്റേജ് എഡിഷന് Rs 1,09,700 രൂപയാണ് എക്‌സ്-ഷോറൂം വില. FZ-S FI-യുടെ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 5,000 രൂപയും ഡാർക്ക് നൈറ്റ് എഡിഷനെക്കാൾ 2,000 രൂപയും കൂടുതലാണ് പുതിയ വിന്റേജ് എഡിഷൻ പതിപ്പിന്. അടിസ്ഥാന ഡിസൈനിനോ ബൈക്ക് ഘടകങ്ങൾക്കോ സ്റ്റാൻഡേർഡ് മോഡലും വിന്റേജ് എഡിഷനും തമ്മിൽ മാറ്റങ്ങളില്ല. അതെ സമയം പ്രത്യേകം തയ്യാറാക്കിയ വിന്റജ് ഗ്രീൻ നിറമാണ് പുതിയ സ്പെഷ്യൽ എഡിഷൻ മോഡലിന്റെ ആകർഷണം. ഒപ്പം പുത്തൻ ഗ്രാഫിക്‌സും ടാൻ നിറത്തിലുള്ള ലെതർ ഫിനിഷ് സീറ്റുമാണ് വിന്റേജ് എഡിഷന്റെ മറ്റുള്ള പ്രത്യേകതകൾ. ബിഎസ്6 യമഹ FZ മോഡലുകൾക്കൊപ്പം യമഹ അവതരിപ്പിച്ച ബ്ലൂടൂത്ത് സ്മാർട്ഫോൺ കണക്ടിവിറ്റി FZ-S FI വിന്റേജ് എഡിഷനിലുമുണ്ട്. യമഹ മോട്ടോർസൈക്കിൾ കണക്ട് എക്‌സ് ആപ്പ് വഴി പ്രവർത്തിപ്പിക്കുമ്പോൾ ഈ സംവിധാനം റൈഡിങ് ഹിസ്റ്ററി, ബൈക്ക് ലൊക്കേഷൻ, ഇ-ലോക്ക്, ഹസാഡ് ലൈറ്റുകൾ, പാർക്കിംഗ് റെക്കോർഡ് തുടങ്ങിയ ഒരു പിടി വിവരങ്ങൾ വെളിപ്പെടുത്തും.