അങ്ങനെ മാംസവും കൃത്രിമമായി സൃഷ്ടിച്ചു; സിംഗപ്പൂരില്‍ വില്പനയ്ക്ക് അനുമതി

ലാബില്‍ സൃഷ്ടിച്ചെടുക്കുന്ന കോഴി മാംസം വില്‍ക്കുന്നതിന് സിംഗപ്പൂരില്‍ അനുമതി. യുഎസ് സ്റ്റാര്‍ട്ട് അപ്പായ ഈറ്റ് ജസ്റ്റ് ഗ്രീന്‍ലൈറ്റിനാണ് അനുമതി നല്‍കിയത്. ലോകത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ലാബ് മാംസത്തിന് റെഗുലേറ്ററി അംഗീകാരം ലഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ആരോഗ്യം, മൃഗസംരക്ഷണം, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം സാധാരണ മാംസത്തിന് പകരം മറ്റൊന്നിന് ആവശ്യം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ലാബ് മാംസം പുറത്ത് വരുന്നത്.
അതേസമയം ലാബില്‍ മൃഗങ്ങളുടെ കോശങ്ങളില്‍ നിന്ന് വളര്‍ത്തിയെടുക്കുന്ന മാംസത്തിന് നിലവില്‍ ഉത്പാദന ചെലവ് വളരെ കൂടുതലാണ്. എന്നാല്‍ സാധാരണ ചിക്കന് തുല്യമായ വിലക്ക് ഇത് നല്‍കാനാകുമെന്ന് ഈറ്റ് ജസ്റ്റിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ ജോഷ് ടെട്രിക് പറയുന്നു. 2021അവസാനിക്കുന്നതിന് മുമ്പായി പൊതുജനത്തിന് അത് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോളതലത്തില്‍ രണ്ട് ഡസനിലധികം കമ്പനികള്‍ നിലവില്‍ ലാബ് മത്സ്യം, ഗോമാംസം, ചിക്കന്‍ എന്നിവ പരീക്ഷിക്കുന്നുണ്ട്.