പെര്‍മിറ്റ് വേണ്ട, ലൈസന്‍സ് ഉണ്ടെങ്കില്‍ സ്വകാര്യ ബസുകള്‍ക്ക് ഏത് റൂട്ടിലും ഓടാം

പെര്‍മിറ്റില്ലാതെ ഏതു റൂട്ടിലും ബസ്സോടിക്കാന്‍ അനുമതിനല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.
കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്ഥാന സര്‍ക്കാരിനും ഉത്തരവിറക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിന് മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയതിനൊപ്പമാണ് ഈ നിര്‍ദ്ദേശങ്ങളും ഇറക്കിയത്.
ഓണ്‍ലൈനില്‍ വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഓടിക്കാം. ഇതോടെ ഓണ്‍ലൈന്‍ ടിക്കറ്റ് നല്‍കി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം അഗ്രഗേറ്റര്‍ ലൈസന്‍സ് സമ്പാദിക്കുന്നവര്‍ക്ക് കിട്ടും.
അഞ്ചുവര്‍ഷത്തേക്ക് അഞ്ചുലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്. 100 ബസുകളും 1000 മറ്റു വാഹനങ്ങളും ഉള്ള കമ്പനികള്‍ ഒരുലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അടയ്ക്കണം.
സഹകരണനിയമപ്രകാരം രജിസ്ട്രര്‍ചെയ്ത സ്ഥാപനങ്ങള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാരുകളോ അവര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികളോ ആണ് ലൈസന്‍സ് നല്‍കേണ്ടത്.