ഡാബര്‍, പതഞ്ജലി, സാണ്ടു തേനില്‍ ചൈനീസ് പഞ്ചസാര മായം

ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ തേനില്‍ മായം കണ്ടെത്തി.ഡാബര്‍, പതഞ്ജലി, സാണ്ടു എന്നിവ ഉള്‍പ്പെടെയുള്ള തേനിലാണ് മായം ചേര്‍ക്കുന്നതായി കണ്ടെത്തിയത്. ചൈനീസ് പഞ്ചസാര സിറപ്പ് ആണ് ഈ കമ്പനികള്‍ തേനില്‍ ചേര്‍ക്കുന്നത്. ഇത് ചേര്‍ക്കുന്നത് വഴി തേനിന്റെ പരിശുദ്ധി പരിശോധിക്കുമ്പോള്‍ മായം വ്യക്തമാവില്ലെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ) ഗവേഷകര്‍ വെളിപ്പെടുത്തി.
13 ബ്രാന്‍ഡുകളുടെ സംസ്‌കരിച്ചതും അസംസ്‌കൃതവുമായ തേന്‍ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന മിക്കവാറും എല്ലാ തേന്‍ ബ്രാന്‍ഡുകളും പഞ്ചസാര സിറപ്പ് ഉപയോഗിക്കുന്നതായി ഗവേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ഡാബര്‍, പതഞ്ജലി, സാന്‍ഡു തുടങ്ങി ബ്രാന്‍ഡുകള്‍ തങ്ങളുടെ തേന്‍ ഉല്‍പന്നങ്ങളില്‍ മായം ചേര്‍ത്തിട്ടില്ലെന്നും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അംഗീകാരം ലഭിച്ചിട്ടുള്ളതായും അവകാശപ്പെട്ടു.
കൊറോണ വൈറസ് സമയത്ത് തേന്‍ വില്‍പ്പനയില്‍ വര്‍ധനവുണ്ടായിട്ടും ഉത്തരേന്ത്യയിലെ തേനീച്ച വളര്‍ത്തലില്‍ ലാഭം കുറഞ്ഞതോടെയാണ് സംഘടന അന്വേഷണം ആരംഭിച്ചതെന്ന് സിഎസ്ഇ ഡയറക്ടര്‍ ജനറല്‍ സുനിത നരേന്‍ പറഞ്ഞു.
ഗവേഷണ പ്രകാരം കണ്ടെത്തിയ ‘ചൈനീസ് പഞ്ചസാര’ ന്യൂക്ലിയര്‍ മാഗ്‌നെറ്റിക് റെസൊണന്‍സ് (എന്‍എംആര്‍) എന്ന പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ. പരീക്ഷിച്ച 13 ബ്രാന്‍ഡുകളില്‍, എപിസ് ഹിമാലയ ഒഴികെ മിക്കവാറും എല്ലാ ബ്രാന്‍ഡുകളും അടിസ്ഥാന പരിശുദ്ധി പരീക്ഷണങ്ങളില്‍ വിജയിച്ചിട്ടുണ്ട്.
ഈ ബ്രാന്‍ഡുകള്‍ എന്‍എംആര്‍ ഉപയോഗിച്ച് പരീക്ഷിച്ചപ്പോള്‍, മിക്കതും പരാജയപ്പെട്ടു. 13 ബ്രാന്‍ഡുകളില്‍ മൂന്ന് എണ്ണം മാത്രമാണ് എന്‍എംആര്‍ പരീക്ഷണത്തില്‍ വിജയിച്ചത്. സഫോള, മാര്‍ക്ക്‌ഫെഡ് സോഹ്ന, നേച്ചേഴ്‌സ് നെക്ടര്‍ എന്നിവ എല്ലാ പരീക്ഷണങ്ങളിലും വിജയിച്ചു.