ആഡംബര ഇലക്ട്രിക് കാറുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പ്; ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 500 കി.മി സഞ്ചരിക്കാം


ഇന്ത്യക്കായി ഒരു ഇലക്ട്രിക് കാര്‍ നിരത്തുകളിലെത്തിക്കാനൊരുങ്ങുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ട്അപ്പ്. പ്രവീഗ് എന്ന ഇന്ത്യന്‍ കമ്പനിയാണ് എക്സ്റ്റിങ്ഷന്‍ എം.കെ1 എന്ന പേരില്‍ പ്രീമിയം ഇലക്ട്രിക് കാര്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നത്. സിദ്ധാര്‍ഥ് ബാഗ്രി, ധവാല്‍ വിനായക്, രാം ദിവേദി എന്നിവരുടെ ഉടമസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയാണ് പ്രവീഗ്.

ഇന്ത്യയില്‍ ഇന്നോളം എത്തിയിട്ടുള്ള ഇലക്ട്രിക് വാഹനങ്ങളെക്കാള്‍ ഉയര്‍ന്ന റേഞ്ചാണ് ഈ വാഹനം നല്‍കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 504 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. 5.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 196 കിലോമീ റ്ററാണ്. 150 Kw പവറും 2400 Nm ടോര്‍ക്കുമാണ് ഇതിലെ മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്.

ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 30 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കളായ പ്രവീഗ് അവകാശപ്പെടുന്നത്.
നാല് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ടൂ ഡോര്‍ പ്രീമിയം വാഹനമായിരിക്കും എക്സ്റ്റിങ്ഷന്‍ എം.കെ1. കൂപ്പെ മാതൃകയിലുള്ള ഡിസൈനിലായിരിക്കും ഈ വാഹനം.