നിക്ഷേപകര്‍ക്ക് തിരിച്ചടി; ഈ വര്‍ഷം ബാങ്കുകളില്‍ നിന്ന് ലാഭവിഹിതം ലഭിക്കില്ല

2020 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് ബാങ്കുകളില്‍ നിന്ന് ലാഭവിഹിതം ലഭിക്കില്ല. ലാഭവിഹിതം നല്‍കരുതെന്ന് ബാങ്കുകളോട് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനെ ആര്‍ബിഐ പുറത്തിറക്കും.
കോവിഡ് വ്യാപനംമൂലമുള്ള സാമ്പത്തികാഘാതം മറികടക്കുന്നതിനുള്ള കരുതലായി ആസ്തിയില്‍ വര്‍ധനവരുത്താനും വാണിജ്യ, സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ളവയോട് ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ പാദത്തിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയശേഷമാണ് ആര്‍ബിഐ തീരുമാനം അറിയിച്ചത്.
വായ്പയെടുത്തവരുടെ കടബാധ്യത സംബന്ധിച്ച പരിഹാരത്തിന് മുന്‍തൂക്കം നല്‍കുന്നതോടൊപ്പം സാമ്പത്തിക സ്ഥിരതകൈവരിക്കുന്നതില്‍ ശ്രദ്ധചെലുത്തണമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. മൂലധനം വര്‍ധിപ്പിച്ച് പുതിയ വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണം. ഡിവഡന്റ് നല്‍കാതെ ലാഭംവര്‍ധിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നും ബാങ്കുകളോട് അദ്ദേഹം നിര്‍ദേശിച്ചു.
എന്നാല്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരി ഉടമകള്‍ക്ക് ലാഭവഹിതം തടസ്സമില്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.