റിസര്‍വ് ബാങ്ക് വായ്പാനയം: പലിശ നിരക്കില്‍ മാറ്റമില്ല; റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ പഴയപടി

മുംബൈ: റിസര്‍വ് ബാങ്കിന്റെ വായ്പ നയ കമ്മിറ്റി ഇത്തവണയും പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളും മാറ്റമില്ലാതെ തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് വായ്പാനയ പ്രഖ്യാപനം നടത്തിയത്. റിപ്പോ നിരക്ക് 4 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും.
സമ്പദ്ഘടനയുടെ തിരിച്ചുവരവ്, മാസങ്ങളായി തുടരുന്ന ഉയര്‍ന്ന വിലക്കയറ്റ നിരക്ക് തുടങ്ങിയവ പരിഗണിച്ചാണ് നിരക്കില്‍ ഇത്തവണയും മാറ്റംവരുത്തേണ്ടെന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്.
റീട്ടെയില്‍ വിലക്കയറ്റം ആറര വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.6ശതമാനത്തിലെത്തിയിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് കാര്യമായ കുതിപ്പുണ്ടായത്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുതന്നെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നിരക്കുകുറയ്ക്കാന്‍ നീക്കമുണ്ടാവാതിരുന്നത്.
2021 സാമ്പത്തിക വര്‍ഷത്തെ ജിഡിപി ലക്ഷ്യം നേരത്തെ തീരുമാനിച്ച 9.5ശതമാനത്തില്‍നിന്ന് 7.5ശതമാനമാക്കി പുനര്‍നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്.
സന്‍ട്രല്‍ ബാങ്ക് റിപ്പോ നിരക്കിലും റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റമൊന്നും വരുത്താത്തതിനാല്‍ വായ്പ ഇഎംഐകളില്‍ ഇനി ഉടനടി കുറവുണ്ടാകാന്‍ സാധ്യത കുറവാണ്. പോളിസി നിരക്കുകളില്‍ മാറ്റം വരുത്താത്തത് സ്ഥിര നിക്ഷേപ (എഫ്ഡി) നിക്ഷേപകര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ്. കാരണം ബാങ്കുകള്‍ ഇനി ഉടന്‍ എഫ്ഡികളുടെ പലിശനിരക്ക് കുറയ്ക്കില്ല.