റോഷ്‌നി നാടാര്‍ മല്‍ഹോത്ര ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി എച്ച്‌സിഎല്‍ ടെക്‌നോളജീസ് ചെയര്‍പേഴ്‌സണ്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്രയെ തിരഞ്ഞെടുത്തു. കൊട്ടക് വെല്‍ത്ത് മാനേജ്‌മെന്റും ഹുറന്‍ ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് റോഷ്‌നി ഒന്നാമതെത്തിയത്.
ബയോകോണ്‍ ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ കിരണ്‍ മസുദാര്‍ഷാ, യുഎസ്‌വി പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ ലീന ഗാന്ധി തിവാരി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പട്ടികയിലെ ധനികരായ സ്ത്രീകളുടെ മൊത്തം സ്വത്ത് 2,72,540 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പട്ടികയില്‍ 38 സ്ത്രീകള്‍ക്ക് 1,000 കോടി രൂപയും അതിനു മുകളിലും സമ്പത്തുണ്ട്. പട്ടികയില്‍ ഇടംപിടിച്ച സ്ത്രീകളുടെ ശരാശരി പ്രായം 53 വയസാണ്.
54,850 കോടി രൂപയാണ് റോഷ്‌നി നാടാര്‍ മല്‍ഹോത്രയുടെ ആസ്തി. മസൂംദാര്‍ഷായ്ക്ക് 36,600 കോടി രൂപയുടെ ആസ്തിയാണുള്ളത്. മുംബൈ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ മേജര്‍ യുഎസ്‌വി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍പേഴ്‌സണ്‍ ലീന ഗാന്ധി തിവാരി 21,340 കോടി രൂപയുടെ സ്വത്താണുള്ളത്.