വാക്‌സിന്‍ ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിന് തയ്യാറാവും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിനായി തയ്യാറാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിന്‍ വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രത്തിന്റെ ചര്‍ച്ച തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു.

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ വാക്‌സിന്‍ സംഭരണത്തിനുള്ള സംവിധാനങ്ങള്‍ പരിശോധിച്ചുവരികയാണ്. ഗവേഷകരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധപ്രവര്‍ത്തകര്‍, മറ്റ് രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന വയോജനങ്ങള്‍ എന്നിവര്‍ക്കാവും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുക.
വാക്‌സിനേഷന്‍ സംവിധാനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയതും കാര്യക്ഷമവുമായ നെറ്റ്‌വര്‍ക്കാണ് ഇന്ത്യക്കുള്ളത്. ഇത് പൂര്‍ണമായും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.