7 കോടിയുടെ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ അധ്യാപകന്‍

പത്ത് ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ‘ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ്’ പുരസ്‌കാരം സ്വന്തമാക്കി മഹാരാഷ്ട്രയിലെ സോലാപുരില്‍ നിന്നുള്ള അധ്യാപകനായ രഞ്ജിത്ത് സിന്‍ഹ് ദിസാലേ.
ലോകമാകമാനമായി പത്ത് പേരുടെ ചുരുക്കപ്പെട്ടികയില്‍ നിന്നാണ് രഞ്ജിത്ത് ഈ നേട്ടം സ്വന്തമാക്കിയത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഇദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും ഇന്ത്യയിലെ ടെക്സ്റ്റ് ബുക്കുകളില്‍ ക്യൂ ആര്‍ കോഡ് പതിപ്പിച്ച നടപടിക്കായി രഞ്ജിത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

140 രാജ്യങ്ങളില്‍ നിന്നായി 1200 അധ്യാപകരുടെ പേരാണ് മത്സരത്തിനെത്തിയത്. വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കായി 2014 മുതലാണ് യുനെസ്‌കോയും വാര്‍ക്കി ഫൗണ്ടേഷന്‍ ആന്വല്‍ ഗ്ലോബല്‍ ഫൗണ്ടേഷന്‍ ‘ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ്’ പുരസ്‌കാരം ആരംഭിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങ് നടത്തിയത്.

സമ്മാനമായി ലഭിക്കുന്ന പത്ത് ലക്ഷം യുഎസ് ഡോളറില്‍ (7.37 കോടി രൂപ) നിന്നുള്ള പകുതി തുക തനിക്കൊപ്പം അവസാനഘട്ടത്തിലെത്തിയ മറ്റ് അധ്യാപര്‍ക്ക് നല്‍കുമെന്നും വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തന്റെ അംഗീകാരമാണ് അതെന്നും രഞ്ജിത്ത് സിന്‍ഹ പറഞ്ഞു.

2009ലാണ് രഞ്ജിത്ത് സിന്‍ഹ സോലാപുരിലെ പരിതേവാഡിയിലെ ജില്ലാ പരിഷത്തിന്റെ പ്രമൈറി സ്‌കൂളില്‍ അധ്യാപകനായെത്തിയത്. പരിമിതമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചിരുന സ്‌കൂള്‍ സംവിധാനത്തെ മാറ്റി എല്ലാ സൗകര്യങ്ങളുമുള്ള സ്‌കൂള്‍ കെട്ടിടമാക്കി മാറ്റാന്‍ വലിയ പ്രയാസങ്ങളാണ് അദ്ദേഹം നേരിട്ടത്.