ഇന്ത്യയിലെ 476 കമ്പനികള്‍ക്ക് സൗദിയില്‍ പ്രവര്‍ത്തനാനുമതി

റിയാദ്: സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത് ഇന്ത്യയിലെ 476 കമ്പനികള്‍ക്ക്. സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റിയാണ് 476 കമ്പനികള്‍ക്ക് സൗദി സര്‍ക്കാരുമായി ചേര്‍ന്നോ അല്ലാതെയോ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ 11069 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ കമ്പനികള്‍ സൗദിയില്‍ നടത്തിയിട്ടുള്ളത്.
34 ബില്യന്‍ ഡോളറിന്റെ ഇടപാടാണ് രാജ്യങ്ങള്‍ തമ്മില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത്. ഇപ്പോള്‍ റിലയന്‍സിലടക്കം സ്വകാര്യസ്ഥാപനങ്ങളിലേക്ക് സൗദി ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിക്ഷേപമുണ്ട്. ഓയില്‍ ഇറക്കുമതി അടക്കം 2.5 ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയും സൗദിയുമായിട്ടുണ്ടായിരുന്നത്. ഇതില്‍ 1.98 ലക്ഷം കോടി രൂപ, ഇന്ത്യ ഓയില്‍ ഇറക്കുമതി ചെയ്തതാണ്.
ഇന്ത്യയില്‍ നിന്നുള്ള വിവിധ ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്ത ഇനത്തില്‍ 46050 കോടി രൂപ സൗദിയില്‍ നിന്ന് ലഭിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ഉല്പന്നങ്ങളുടെ കയറ്റുമതിയില്‍ 12 ശതമാനം വര്‍ധിച്ചെങ്കിലും തുകയില്‍ കാര്യമായ മാറ്റമുണ്ടായില്ല. 201819ല്‍ ഇന്ത്യയിലേക്ക് സൗദി ഓയില്‍ ഇറക്കുമതി 29 ശതമാനം വര്‍ധിച്ചെങ്കിലും ഈ വര്‍ഷം ഇറക്കുമതി അഞ്ച് ശതമാനം കുറഞ്ഞു.
എല്‍.ആന്‍ഡ് ടി, ടാറ്റ, വിപ്രോ, ടി.സി.എസ്, ടി.സി.ഐ.എല്‍ തുടങ്ങിയ കമ്പനികളാണ് സൗദിയില്‍ നിക്ഷേപമുള്ള പ്രധാന ഇന്ത്യന്‍ കമ്പനികള്‍. അതേസമയം ഒയോ, ഡെല്‍ഹിവെരി, ഫസ്റ്റ് ക്രൈ, ഗ്രോഫേഴ്‌സ്, പോളിസി ബസാര്‍, പേടി.എം തുടങ്ങിയ കമ്പനികളും സൗദി വിപണിയില്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്.അതേസമയം ലുലു അടക്കമുള്ള റീട്ടെയില്‍ രംഗത്തെ നിക്ഷേപം ഇന്ത്യയുടെ നിക്ഷേപമായല്ല സൗദിയും ഗള്‍ഫ് രാജ്യങ്ങളും പരിഗണിക്കുന്നത്.

കിങ് സൗദിന്റെ സന്ദര്‍ശനത്തോടെ ദൃഢമായ ബന്ധം

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷവും അതിനു മുമ്പും ഇരു രാജ്യങ്ങളും കച്ചവട ബന്ധം തുടരുന്നുണ്ട്. 1947മുതല്‍ സാമ്പത്തിക കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും പരസ്പരം ആശ്രയിച്ചു തുടങ്ങി. കിങ് സൗദ് 1955ല്‍ ഇന്ത്യ സന്ദര്‍ശിച്ചതോടെ ബന്ധം കൂടുതല്‍ ദൃഢമായി. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും സൗദി സന്ദര്‍ശിച്ചിട്ടുണ്ട്.
2006ല്‍ കിങ് അബ്ദുള്ള ഇന്ത്യ സന്ദര്‍ശിക്കുകയും ഡല്‍ഹി ഉടമ്പടിയുണ്ടാക്കുകയും ചെയ്തതോടെ ബന്ധം കൂടുതല്‍ സുദൃഢമാവുകയും ചെയ്തു. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി റിയാദ് സന്ദര്‍ശിച്ചിരുന്നു. ഇതോടെ പ്രതിരോധ കാര്യങ്ങളിലും പരസ്പരം സഹായം തേടാമെന്ന കരാറിലേര്‍പ്പെട്ടു.
ഇന്ത്യയില്‍ നിക്ഷേപമുള്ള വിദേശ രാജ്യങ്ങളിലെ 39ാം സ്ഥാനമാണ് സൗദിക്കുള്ളത്. 2324 കോടി രൂപയുടെ നിക്ഷേപമാണ് സൗദിക്ക് രാജ്യത്തുള്ളത്. അരാംകോ, സാബിക്, സാമില്‍, ഇ ഹോളിഡേയ്‌സ്, അല്‍ ബാറ്റര്‍ജീ ഗ്രൂപ്പ് തുടങ്ങിയ സൗദി കമ്പനികള്‍ക്കാണ് പ്രധാനമായും നിക്ഷേപമുള്ളത്.

കരസേനാമേധാവിയുടെ സന്ദര്‍ശനം

ഇന്ത്യയും സൗദി അറേബ്യയും വ്യാപാര മേഖലയിലും ഓയില്‍ ഇറക്കുമതിയിലും പരസ്പര സഹകരണമുണ്ടെങ്കിലും പ്രതിരോധ മേഖലയില്‍ കാര്യമായിട്ടില്ല. തീവ്രവാദം തുടച്ചുനീക്കുന്നതിനായി സൈബര്‍ മേഖലയിലെ സംയുക്ത പരിശീലനം, സൈനിക മേഖലയിലെ ട്രെയ്‌നിങ് തുടങ്ങിയ മേഖലകളില്‍ മാത്രമേ നിലവില്‍ സഹകരണമുള്ളൂ. എന്നാല്‍ ഇത് കൂടുതല്‍ മേഖലയിലേക്ക് വര്‍ധിപ്പിക്കാനുള്ള ശ്രമഫലമായാണ് ഇന്ത്യന്‍ കരസേനാ മേധാവി സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്.