ഡല്‍ഹി: കോവിഡ് ദുരിതം കൊണ്ട് പൊറുതിമുട്ടിയ രാജ്യത്ത് ഇന്നും പെട്രോളിനും ഡീസലിനും വില കൂട്ടി. തിങ്കളാഴ്ച പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 26 പൈസയും ആണ് കൂടിയിരിക്കുന്നത്. ഇതോടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലയില്‍ പെട്രോളും ഡീസലും എത്തി. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത്.
കേരളത്തില്‍ ഇപ്പോള്‍ വില 85 കടന്നിട്ടുണ്ട്. പ്രധാന നഗരങ്ങളില്‍ പെട്രോളിന് ലിറ്ററിന് 85.41 രൂപയും ഡീസലിന് 79.34 രൂപയുമാണ്. ഡല്‍ഹിയില്‍ പെട്രോളിന് 83.71 രൂപയായും ഡീസലിന് 73.87 രൂപയായും വര്‍ദ്ധിച്ചു. മുംബൈയില്‍ കഴിഞ്ഞ ദിവസം തന്നെ പെട്രോള്‍ വില 90 രൂപ കടന്നിരുന്നു. ഇപ്പോഴത് 90.34 രൂപയായി. മുംബൈയില്‍ ഡീസലിന് കഴിഞ്ഞ ദിവസം എണ്‍പത് രൂപ കടന്നിരുന്നു. പുതിയ വില 80.51 രൂപയാണ്.
ഇന്ധനവില വര്‍ദ്ധന ചരക്കുനീക്കത്തേയും ബാധിക്കും. അത് അവശ്യ വസ്തുക്കളുടെ വിലവര്ദ്ധനയിലാണ് നയിക്കുക. കഴിഞ്ഞ 18 ദിവസത്തിനുള്ളില്‍ 15 തവണ ഇന്ധന വില കൂട്ടിയിരിക്കുകയാണ്.