ഐആര്‍എഫ്‌സിയുടെ ഐപിഒ ഉടന്‍; 4600 കോടി സമാഹരിക്കും


ഇന്ത്യന്‍ റെയ്ല്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐആര്‍എഫ്‌സി)ന്റെ പ്രാഥമിക പൊതു ഓഹരി വില്‍പ്പന (ഐപിഒ) ഡിസംബറില്‍ ഉണ്ടാകും. ഇന്ത്യന്‍ റെയ്ല്‍വേയുടെ ഫിനാന്‍സിംഗ് കമ്പനിയാണ് ഐആര്‍എഫ്‌സി. 4600 കോടി രൂപയാണ് ഐആര്‍എഫ്‌സിയുടെ സമാഹരണ ലക്ഷ്യം. 178.21 കോടി ഓഹരികളാണ് വില്‍പ്പന നടത്തുക. ഇതില്‍ 118.80 കോടി ഓഹരികള്‍ പുതുതായുള്ളതാണ്.
ഐആര്‍എഫ്‌സിയുടെ ലിസ്റ്റിംഗ് കൂടി പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ റെയ്ല്‍വേയില്‍ നിന്നുള്ള അഞ്ചാമത്തെ കമ്പനി കൂടി ഓഹരി വിപണിയിലെത്തും.
2017ലാണ് അഞ്ച് റെയ്ല്‍വേ കമ്പനികളെ ലിസ്റ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, ആര്‍ഐടിഇഎസ്, റെയ്ല്‍ വികാസ് നിഗം, ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) എന്നിവയാണ് നിലവില്‍ ലിസ്റ്റിംഗ് നടത്തിയിരിക്കുന്ന റെയ്ല്‍വേയില്‍ നിന്നുള്ള നാല് കമ്പനികള്‍.
പ്രവര്‍ത്തനം തുടങ്ങി 34 വര്‍ഷമായി ഐആര്‍എഫ്‌സിയ്ക്ക് കിട്ടാക്കടമില്ല.