ടിക്കറ്റ് റദ്ദാക്കല്‍: ജനുവരി 31നകം ഇന്‍ഡിഗോ പണം തിരികെ നല്‍കും

കൊറോണ ലോക്ക്ഡൗണ്‍ കാരണം ടിക്കറ്റ് റദ്ദാക്കിയ എല്ലാ യാത്രക്കാര്‍ക്കും 2021 ജനുവരി 31 നകം പണം തിരികെ നല്‍കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു.
ഇതിനകം തന്നെ 1,000 കോടി രൂപയുടെ റീഫണ്ടുകള്‍ നല്‍കിയതായും ഇന്‍ഡിഗോ അറിയിച്ചു. ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ട മൊത്തം തുകയുടെ ഏകദേശം 90 ശതമാനമാണ്.
ലോക്ക്‌ഡൌണ്‍ സമയത്ത് ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യുന്നതിനുപകരം വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചപ്പോള്‍ ആ തുക ക്രെഡിറ്റ് ഷെല്ലില്‍ സൂക്ഷിക്കുന്ന പദ്ധതി എയര്‍ലൈന്‍സ് ആരംഭിച്ചിരുന്നു. യാത്രക്കാര്‍ക്ക് ഈ ക്രെഡിറ്റ് ഷെല്ലുകള്‍ ഉപയോഗിച്ച് പിന്നീടുള്ള തീയതിയില്‍ ബുക്ക് ചെയ്യാന്‍ കഴിയും. എന്നാല്‍ ചില നിയന്ത്രണങ്ങള്‍ ഇതിന് ബാധകമായിരുന്നു. മാത്രമല്ല 2021 മാര്‍ച്ചോടെ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി ഒക്ടോബറില്‍ ഉത്തരവിടുകയും ചെയതു.
മാര്‍ച്ച് 25 മുതല്‍ മെയ് 24 വരെയുള്ള കാലയളവിലെ റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ തുക നല്‍കാനാണ് സുപ്രീം കോടതി വിമാനക്കമ്പനികളോട് നിര്‍ദ്ദേശിച്ചത്. ഈ കാലയളവില്‍ ആഭ്യന്തര, അന്തര്‍ദേശീയ ടിക്കറ്റുകള്‍ക്കായി നടത്തിയ ബുക്കിംഗിന് സുപ്രീം കോടതിയുടെ ഉത്തരവ് ബാധകമാണ്.