ടിവിക്കും വാഷിംഗ് മെഷീനും ഫ്രിഡ്ജിനും വില കുതിക്കും


ടിവി, റെഫ്രിജിറേറ്റര്‍, വാഷിംഗ് മെഷീന്‍, എസി, മൈക്രോവേവ് ഓവന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഉയരാന്‍ സാധ്യത. 20 ശതമാനം വരെ വര്‍ധനവുണ്ടായേക്കാമെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ തന്നെ വില ഉയര്‍ത്തിയേക്കും. വാഷിംഗ് മെഷീന്‍, എസി വിലകള്‍ 8-10 ശതമാനം വരെയും റഫ്രിജിറേറ്ററുകള്‍ക്കും ഫ്രീസറിനും 12-15 ശതമാനം വരെ ഉയരാം.
അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ദ്ധനയാണ് ഇതിനു കാരണം. അസംസ്‌കൃത വസ്തുക്കളുടെ വില 10 മുതല്‍ 40 ശതമാനം വരെയാണ് ഇക്കഴിഞ്ഞ കാലയളവില്‍ ഉയര്‍ന്നിരിക്കുന്നത്.
ചെമ്പ്, സിങ്ക്, അലൂമിനിയം, സ്റ്റീല്‍, പ്ലാസ്റ്റിക്, ഫോമിംഗ് ഏജന്റുകള്‍ എന്നിവയുടെ വിലക്കയറ്റവും ഇവ ഇറക്കുമതി ചെയ്യുന്നതിലെ ചെലവ് 40- 50 ശതമാനം വരെ ഉയര്‍ന്നതും പ്രതിസന്ധിയാക്കിയിരിക്കുകയാണ്.
ആഗോളതലത്തിലെ ലഭ്യതക്കുറവ് മൂലം ടെലിവിഷന്‍ പാനലുകളുടെ വിലയും 30-100 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്.