പിഎംകെയേഴ്‌സിലേക്ക് പൊതുമേഖലാ സ്ഥാപനങ്ങളുടെ 155 കോടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്തത് 155 കോടി രൂപ. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നാണ് തുക പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കിയത്.
കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടുകളില്‍ നിന്നുളള 2400 കോടി സംഭാവനയ്ക്ക് പുറമേയാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്തത് ഒഎന്‍ജിസിയാണ്. 29.06 കോടിരൂപയാണ് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഒഎന്‍ജിസി പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കിയത്.
24 പൊതുമേഖലാ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഒരു കോടി രൂപയോ അതില്‍ കൂടുതലോ നല്‍കിയതായും പറയുന്നു.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 23.99 കോടി രൂപയാണ് സംഭാവന നല്‍കിയത്. സിഎസ്ആറില്‍ നിന്ന് 225 കോടി രൂപയും സംഭാവന ചെയ്തിട്ടുണ്ട്. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ സിഎസ്ആറില്‍ നിന്ന് 250 കോടി രൂപ സംഭാവന നല്‍കിയപ്പോള്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 7.58 കോടി നല്‍കി.