ഭാരത് ബന്ദ്; മാര്‍ക്കറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാം, ചരക്ക് നീക്കം തടസ്സപ്പെടില്ല

നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദില്‍ നിന്നും രാജ്യത്തെ പ്രധാന മാര്‍ക്കറ്റുകളെ ഒഴിവാക്കിയിട്ടുള്ളതായി ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (എഐടിഡബ്ല്യുഎ )തിങ്കളാഴ്ച അറിയിച്ചു.
ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ചരക്കു നീക്കത്തിനും ഗതാഗതത്തിനും തടസ്സങ്ങളുണ്ടാകില്ലെന്നും എഐടിഡബ്ല്യുഎ വ്യക്തമാക്കി. ദേശീയ തലത്തിലെ വാണിജ്യ മാര്‍ക്കറ്റുകളും വ്യാപാരികളും പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സും(സിഎഐടി) അറിയിച്ചു.
ഇതിനോടകം യാതൊരു കര്‍ഷക സംഘടനകളും തങ്ങളുടെ പങ്കാളിത്തം ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ല, അതിനാല്‍ തന്നെ എട്ടാം തീയതി നടക്കുന്ന ബന്ദില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും സിഎഐടി പ്രസിഡന്റ് ബി സി ഭാര്‍തിയ, സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാള്‍, പ്രദീപ് സിംഗള്‍, മഹേന്ദ്ര ആര്യ എന്നിവരും എഐടിഡബ്ല്യുഎ പ്രസിഡന്റും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
അതേസമയം ഭാരത് ബന്ദിലൂടെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കണമെന്ന ഉദ്ദേശ്യമില്ലെന്നും രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയായിരിക്കും ബന്ദെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.