ഇരുമ്പ് സാമഗ്രികളുടെ വില കുതിക്കുന്നു; നിര്‍മ്മാണമേഖലയെ പ്രതികൂലമായി ബാധിച്ചേക്കും

ഇരുമ്പുരുക്ക് സാമഗ്രികളുടെ വില ഉയരുന്നു. നവംബറില്‍ തുടങ്ങിയ വിലക്കയറ്റം ഡിസംബറിലും തുടരുകയാണ്. കിലോയ്ക്ക് 10 മുതല്‍ 14 രൂപ വരെയാണ് വര്‍ധനയുണ്ടായിരിക്കുന്നത്.
ടി.എം.ടി. ബാറുകള്‍ക്കും എം.എസ്. ആംഗിളുകള്‍ക്കും കിലോയ്ക്ക് 10 മുതല്‍ 13 രൂപ വരെയാണ് വില കൂടിയത്. പ്ലേറ്റുകള്‍, ഷീറ്റുകള്‍ ജി.പി./എം.എസ്. പൈപ്പുകള്‍ എന്നിയ്ക്ക് 11 മുതല്‍ 14 രൂപ വരെയും അലുമിനിയം ഷീറ്റിന് 30 രൂപ മുതല്‍ 40 രൂപ വരെയും വില വര്‍ധിച്ചിട്ടുണ്ട്.
ഒരു മാസം മുന്‍പേ ഉപയോക്താക്കളുമായി കരാറിലേര്‍പ്പെടുന്ന വ്യാപാരികള്‍ക്ക് വലിയ നഷ്ടമാണ് സഹിക്കേണ്ടി വരുന്നത്. നിര്‍മാണ മേഖലയെ ആകെ ഇത് പ്രതികൂലമായി ബാധിക്കും. നവംബര്‍ വരെ ഏഴു മുതല്‍ 10 രൂപ വരെയാണ് വില വര്‍ധിച്ചിരുന്നത്. ഡിസംബറില്‍ മൂന്നു മുതല്‍ നാലു രൂപ വരെയാണ് വില ഉയര്‍ന്നത്.

കോവിഡിനെ തുടര്‍ന്ന് കമ്പനികള്‍ പ്രവര്‍ത്തിക്കാതിരുന്നതും തുടര്‍ന്ന് ഇരുമ്പുരുക്ക് സാമഗ്രികളുടെ ഉത്പാദനം കുറച്ചതുമാണ് വില ഉയരാന്‍ കാരണമെന്ന് പറയപ്പെടുന്നു. രണ്ടുമാസത്തിനിടെ ഇത്രയും വില കൂടുന്നത് ആദ്യമായാണെന്നും വ്യാപാരികള്‍ പറയുന്നു.