മാളവിക ഹെഗ്‌ഡെ കോഫിഡെയുടെ പുതിയ സിഇഒ


ബെംഗളൂരു കഫെകോഫിഡെ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ പുതിയ സിഇഒ ആയി മാളവിക ഹെഗ്‌ഡെ നിയമിതയായി. കോഫിഡെയുടെ ഡയറക്ടര്‍ കൂടിയായ മാളവിക കോഫിഡെ സ്ഥാപകന്‍ വിജി സിദ്ധാര്‍ഥയുടെ ഭാര്യയും കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മകളുമാണ്.
2019ല്‍ ദക്ഷിണ കന്നഡ ജില്ലയിലെ നേത്രാവതി പുഴയില്‍ മുങ്ങി മരിക്കുകയായിരുന്നു സിദ്ധാര്‍ഥ. ഏറെ ദുരൂഹത ആരോപിക്കപ്പെട്ടിരുന്ന സംഭവമായിരുന്നു ഇത്. എന്നാല്‍ സിദ്ധാര്‍ഥ ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലാണ് ഒടുവില്‍ അന്വേഷണ സംഘങ്ങള്‍ എത്തിയത്.
കമ്പനിയില്‍ നിന്ന് 3535 കോടി രൂപ മറ്റൊരു കമ്പനിക്ക് വേണ്ടി സിദ്ധാര്‍ഥ വകമാറ്റി ചെലവഴിച്ചുവെന്നും സിദ്ധാര്‍ഥയെ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരമായി ശല്യം ചെയ്തിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
സിദ്ധാര്‍ഥ മരിക്കുമ്പോള്‍ 7200 കോടി രൂപയുടെ കടമാണ് കോഫിഡെക്കുണ്ടായിരുന്നത്. പിന്നീട് ആസ്തികള്‍ വിറ്റ് കടം വീട്ടുകയായിരുന്നു. അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം കോഫിഡെയുടെ കടം 3200 കോടി രൂപയായി കുറഞ്ഞിരുന്നു. ഇനിയും ചില ആസ്തികള്‍ കൂടി വിറ്റ് കടം വീട്ടാനാണ് ആലോചനകള്‍ നടക്കുന്നത്. കോഫിഡെയുടെ ചില ആസ്തികള്‍ വാങ്ങാന്‍ ടാറ്റ ഗ്രൂപ്പിന് പദ്ധതിയുണ്ട്.