ഇന്ത്യക്ക് ചൈനീസ് സാധനങ്ങള്‍ വേണ്ട, ചൈനക്ക് ഇന്ത്യയുടേത് വേണം

ഇറക്കുമതിയില്‍ ഇടിവ്; കയറ്റുമതിയില്‍ വര്‍ദ്ധന


ചൈനയില്‍ നിന്നുള്ള ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ ഈ വര്‍ഷം വന്‍ ഇടിവ്. അതേസമയം അവിടേക്ക് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ 11 മാസങ്ങളില്‍ ഇറക്കുമതി 13 ശതമാനമാണ് ഇടിഞ്ഞത്. ചൈനയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി ഇതേ കാലയളവില്‍ 16 ശതമാനം ഉയര്‍ന്നു. തിങ്കളാഴ്ച പുറത്തിറക്കിയ ചൈനീസ് കസ്റ്റംസ് റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കിഴക്കന്‍ ലഡാക്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ 2020 ന്റെ ആദ്യ 11 മാസത്തെ ഉഭയകക്ഷി വ്യാപാരം 78 ബില്യണ്‍ യുഎസ് ഡോളറാണ്. 2019 ല്‍ ഇരു രാജ്യങ്ങളും ഏകദേശം 92.68 ബില്യണ്‍ ഡോളര്‍ വില വരുന്ന സാധനങ്ങളുടെ വ്യാപാരം നടത്തിയിരുന്നു. ജനുവരി മുതല്‍ നവംബര്‍ വരെ ചൈന 59 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു.
ആദ്യ 11 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്നുള്ള ചൈനയുടെ ഇറക്കുമതി 16 ശതമാനം ഉയര്‍ന്ന് 19 ബില്യണ്‍ യുഎസ് ഡോളറിലെത്തി. ഇന്ത്യയുടെ വ്യാപാരക്കമ്മി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 60 ബില്യണ്‍ ഡോളറില്‍ നിന്ന് 40 ബില്യണ്‍ ഡോളറായി.