ഇന്ത്യന്‍ കര്‍ഷകരെ സ്മാര്‍ട്ടാക്കാനൊരുങ്ങി വോഡഫോണും നോക്കിയയും

ഇന്ത്യയിലെ കര്‍ഷകരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിന് വിയുടെ സിഎസ്ആര്‍ വിഭാഗമായ വോഡഫോണ്‍ ഇന്ത്യ ഫൗണ്ടേഷനും നോക്കിയയും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി കര്‍ഷകരുടെ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍ സൊല്യൂഷന്‍ ഇരുകമ്പനികളും ചേര്‍ന്ന് നടപ്പിലാക്കി. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നൂറു സ്ഥലങ്ങളില്‍ ആദ്യഘട്ടത്തില്‍ പദ്ധതിനടപ്പാക്കും.
സുസ്ഥിര കാര്‍ഷിക സമീപനങ്ങള്‍, ഐ ഒടി സൊലൂഷ്യനുകളുടെ വിന്യാസം, സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തല്‍ എന്നിവയിലൂടെ ചെറുകിട കര്‍ഷകരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താനാണ് സ്മാര്‍ട്ട്അഗ്രി പദ്ധതി ലക്ഷ്യമിടുന്നത്.
2020 ഡിസംബര്‍ 8 മുതല്‍ 10 വരെ നടക്കുന്ന ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിലെ (ഐഎംസി) വി ബൂത്തില്‍ (ഹാള്‍ നമ്പര്‍3, ബൂത്ത് നമ്പര്‍ 3.ബി) സവിശേഷമായ പദ്ധതി പ്രദര്‍ശിപ്പിക്കും.
പദ്ധതിയുടെ ഭാഗമായി, ക്ലൗഡ് അധിഷ്ഠിതവും പ്രാദേശികവുമായി സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍ ആപ്ലിക്കേഷന്‍ വഴി വിശകലനം ചെയ്യുന്ന വിവിധ ഡാറ്റാ പോയിന്റുകള്‍ ശേഖരിക്കുന്നതിനായി 100,000 ഹെക്ടറിലധികം കൃഷിസ്ഥലങ്ങളില്‍ 400ലേറെ സെന്‍സറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രാദേശിക ഭാഷാ പിന്തുണയോടെ കാലാവസ്ഥാ പ്രവചനവും ജലസേചന മാനേജ്‌മെന്റ് വിവരങ്ങളും ആപ്ലിക്കേഷന്‍ നല്‍കും.
ധാന്യവിളകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സ്ഥിതിവിവരക്കണക്കുകളാണ് സെന്‍സറുകള്‍ ലഭ്യമാക്കുക.
സ്മാര്‍ട്ട് ഇറിഗേഷന്‍, സ്മാര്‍ട്ട് കീടനാശിനി നിയന്ത്രണം, വിളകളെയും കാലാവസ്ഥയെയും കുറിച്ചുള്ള സജീവമായ വിവരങ്ങളുടെ പങ്കിടല്‍, കമ്മോഡിറ്റി എക്‌സ്‌ചേ്ഞ്ച് പ്ലാറ്റ്‌ഫോം എന്നിവ വേള്‍ഡ്‌വൈഡ് ഐഒടി നെറ്റ്‌വര്‍ക്ക് ഗ്രിഡ് (വിങ്) വഴിയുള്ള വിള പരിപാലനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. വിള പരിപാലനത്തിനായി പരമ്പരാഗത സെന്‍സറുകള്‍ക്ക് പകരം വിദൂര പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം (ആര്‍പിഎഎസ്) സാങ്കേതിക വിദ്യയോ ഡ്രോണുകളോ ഈ സംവിധാനത്തില്‍ ഉപയോഗിക്കാം.