കരിബീയന്‍ റിസോര്‍ട്ട് ഡിജിറ്റല്‍വത്കരണത്തിന് കേരള കമ്പനി


തിരുവനന്തപുരം: കൊവിഡ് കാലത്തെ മാന്ദ്യം മറികടന്ന് അതിഥികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള  ഡിജിറ്റല്‍വല്‍കരണത്തിനായി  യൂറോപ്പിലെ പ്രശസ്തമായ ലോപെസാന്‍ ഹോട്ടല്‍ ഗ്രൂപ്പ് തിരുവനന്തപുരം ആസ്ഥാനമായ ആഗോള ഐടി സ്ഥാപനമായ ഐബിഎസ്  സോഫ്റ്റ്   വെയറിനെ   തെരഞ്ഞെടുത്തു. 
യൂറോപ്പിനു പുറത്തേയ്ക്ക് പ്രവര്‍ത്തനം വ്യാപിക്കുന്നതിന്‍റെ ഭാഗമായി ലോപെസാന്‍ ഗ്രൂപ്പ് കരീബിയന്‍ രാഷ്ട്രമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പുന്‍റ കാനയില്‍ തുടങ്ങിയ ആഡംബര റിസോര്‍ട്ടായ ലോപെസാന്‍ കോസ്റ്റ ബവെറോയില്‍ ഐബിഎസ് സോഫ്റ്റ്വെയറിന്‍റെ ഐഹോസ്പിറ്റാലിറ്റി എന്ന നൂതന ഡിജിറ്റല്‍ ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്ഫോം നടപ്പാക്കും. 
ഏകജാലക സംവിധാനമായ ഐഹോസ്പിറ്റാലിറ്റിയിലൂടെ എല്ലാ തരത്തിലുമുള്ള സേവനങ്ങളും പ്രദാനം ചെയ്ത് അതിഥികളെ ആകര്‍ഷിക്കാനും വരുമാനം വര്‍ധിപ്പിക്കാനും കഴിയും. ഫ്ളാഷ് സെയില്‍സ്, പ്രോത്സാഹന പരിപാടികള്‍, മുറികളുടെ നവീകരണം, സമഗ്രമായ പാക്കേജിങ് എന്നിവയെല്ലാം ഇതില്‍ പെടും. 
റിസര്‍വേഷനുകള്‍, റവന്യൂ മാനേജ്മെന്‍റ്, ആഗോള വിമാനക്കമ്പനികളും ടൂര്‍ കമ്പനികളുമായുള്ള ഏകോപനം എന്നിവയിലൂടെ ഐഹോസ്പിറ്റാലിറ്റി അതിഥികള്‍ക്ക് ഏറ്റവും മികച്ച നിരക്കിലുള്ളതും നൂതനവുമായ സേവനങ്ങള്‍ നല്‍കും.  കഴിഞ്ഞ മാസം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഐഹോസ്പിറ്റാലിറ്റിയിലൂടെ  ഒരു പ്രമുഖ വിമാനക്കമ്പനിയുമായി ചേര്‍ന്ന് ലോപെസാന്‍ കോസ്റ്റ ബവെറോ സ്പാ ആന്‍ഡ് കസീനോയില്‍ ബുക്കിംഗ് കൊണ്ടുവന്നു. 
സ്പെയിന്‍ ആസ്ഥാനമായ ലോപെസാന്‍ ഗ്രൂപ്പിന്‍റെ യൂറോപ്പിനു പുറത്തുള്ള ആദ്യ സംരംഭമാണ് കോസ്റ്റ ബവെറോ. സ്പെയിനിനു പുറമെ ജര്‍മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലായി 20 ഹോട്ടലുകളാണ് ഈ ഗ്രൂപ്പിനുള്ളത്. കോസ്റ്റ ബവെറോയില്‍ വിജയമാണെന്നു കണ്ടാല്‍ മറ്റു ഹോട്ടലുകളിലേയ്ക്കു കൂടി ഐഹോസ്പിറ്റാലിറ്റി സംവിധാനം വ്യാപിപ്പിക്കും. 
ഐബിഎസ്-ന്‍റെ സഹായത്തോടെ ഡിജിറ്റൈസേഷനും ആധുനികവല്‍കരണവും നടപ്പാക്കി രാജ്യാന്തര തലത്തിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ബിസിനസ് പങ്കാളികളുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനുമാണ് ലോപെസാന്‍ ലക്ഷ്യമിടുന്നതെന്ന് ഹോട്ടല്‍ ഗ്രൂപ്പ്  കോര്‍പറേറ്റ് കൊമേഴ്സ്യന്‍ ഡയറക്ടര്‍ ജോസ് ഇഗ്നേഷ്യോ അല്‍ബാ പെരസ് പറഞ്ഞു. 
വ്യക്തിയധിഷ്ഠിതമായ സേവനം കൃത്യമായി നല്‍കുന്നതിനുള്ള ഡിജിറ്റല്‍ സംവിധാനമുണ്ടെങ്കില്‍ ബുക്കിംഗ് 30 ശതമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും ഹോട്ടലുകള്‍ക്ക് അതിനുള്ള ബിസിനസ് മേډയും വിപണിയില്‍ പ്രവേശിച്ച് ഫലപ്രാപ്തിയിലെത്താനുള്ള വേഗവുമാണ് വേണ്ടതെന്നും ഐബിഎസ് സോഫ്റ്റ്വെയറിന്‍റെ ഗ്ലോബല്‍ സെയില്‍സ് ഫോര്‍ ഹോസ്പിറ്റാലിറ്റി സൊല്യൂഷന്‍സ് വൈസ് പ്രസിഡന്‍റ് ലിസ ബാര്‍ക്കര്‍ ചൂണ്ടിക്കാട്ടി. ഈ വ്യവസായത്തിലെ സുപ്രധാന വേളയില്‍ ലോപെസാനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് മികച്ച നേട്ടവും ഉത്തരവാദിത്തവുമാണ് നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു.