ജിയോ 5 ജി സേവനം അടുത്തവര്‍ഷം

2021 ന്റെ രണ്ടാം പകുതിയില്‍ ജിയോ 5ജി സേവനം ആരംഭിക്കുമെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നെറ്റ്‌വര്‍ക്ക്, ഹാര്‍ഡ്‌വെയര്‍, സാങ്കേതിക ഘടകങ്ങള്‍ എന്നിവ ഇതിന് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. 5 ജി വികസിപ്പിക്കുന്നതിനും അതിവേഗ നെറ്റ്‌വര്‍ക്കിനെ വിപണിയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും യുഎസ് ആസ്ഥാനമായുള്ള ക്വാല്‍കോം ഇന്‍കോര്‍പ്പറേറ്റുമായി പ്രവര്‍ത്തിക്കുകയാണെന്ന് ഒക്ടോബറില്‍ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് പ്രഖ്യാപിച്ചിരുന്നു.
സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, വെര്‍ച്വല്‍ റിയാലിറ്റി ഉല്‍പ്പന്നങ്ങള്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) സൊല്യൂഷനുകള്‍ എന്നിവയില്‍ വേഗത്തിലുള്ള ഡാറ്റ, മെച്ചപ്പെട്ട ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവ ലഭിക്കാന്‍ 5 ജി സാങ്കേതികവിദ്യ ഉപയോക്താക്കളെ സഹായിക്കും.