പറക്കാനൊരുങ്ങി ജെറ്റ് എയര്‍വെയ്‌സ്; അടുത്ത വര്‍ഷം ആഭ്യന്തര സര്‍വീസുകള്‍ പുന:രാരംഭിക്കും

2021 ല്‍ ജെറ്റ് എയര്‍വെയ്‌സ് ആഭ്യന്തര സര്‍വ്വീസുകള്‍ പുന:രാരംഭിക്കും. എല്ലാ ആഭ്യന്തര സ്ലോട്ടുകളും പ്രവര്‍ത്തിപ്പിച്ച് ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നീ ഹബുകള്‍ തിരിച്ചുപിടിക്കാനാണ് നീക്കം. ടയര്‍ 2, 3 നഗരങ്ങളിലെ ഉപ ഹബ്ബുകളും ജെറ്റിന്റെ ലക്ഷ്യങ്ങളിലുണ്ട്.
ജെറ്റ് എയര്‍വെയ്‌സിന്റെ പുതിയ ഉടമകള്‍ യുഎഇ ആസ്ഥാനമായുള്ള വ്യവസായി മുറാരി ലാല്‍ ജലനും ലണ്ടനിലെ കാല്‍റോക്ക് ക്യാപിറ്റലും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ്. ജെറ്റ് എയര്‍വെയ്‌സ് 2021 വേനല്‍ക്കാലത്ത് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ഉടമകള്‍ വ്യക്തമാക്കുന്നു.
മുംബൈ ആസ്ഥാനമായുള്ള വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് 2019 ഏപ്രിലില്‍ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് സര്‍വ്വീസ് നിര്‍ത്തിയത്. ചരക്ക് ഗതാഗതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് കമ്പനിയുടെ മറ്റൊരു ഉദ്ദേശ്യം. ജെറ്റ് എയര്‍വേസ് 2.0 ടേക്ക് ഓഫ് ചെയ്യാനുള്ള എല്ലാവിധ നടപടികളും കമ്പനി നടത്തി വരികയാണ്.
യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായിരുന്നു ജെറ്റ് എയര്‍വെയ്‌സ്. 120 വിമാനങ്ങളുണ്ടായിരുന്ന ശക്തമായ എയര്‍ലൈനിന് ഇന്ന് അവശേഷിക്കുന്നത് ആറ് ബോയിംഗ് 777300 വിമാനങ്ങളും മൂന്ന് 737800 വിമാനങ്ങളും രണ്ട് എയര്‍ബസ് എ 330 വിമാനങ്ങളുമാണ്.