ഇപിഎഫ് നിക്ഷേപകര്‍ക്ക് 8.5ശതമാനം പലിശ ഉടന്‍ ലഭിക്കും

ഇപിഎഫ് നിക്ഷേപകര്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷത്തെ പലിശയായ 8.5ശതമാനം ഉടനെ ലഭിക്കും. ഇപിഎഫ്ഒയ്ക്ക് പ്രതീക്ഷിച്ചതിലേറെ ആദായം ഓഹരി നിക്ഷേപത്തില്‍നിന്ന് ലഭിച്ചതാണ് നിക്ഷേപകര്‍ക്ക് അനുകൂലമായത്. 19 കോടിയോളം വരിക്കാരാണ് ഇപിഎഫ്ഒയ്ക്കുള്ളത്. ഓഹരി നിക്ഷേപത്തില്‍ ഒരുഭാഗംവിറ്റ് ലാഭമെടുത്താകും 8.5ശതമാനം 19 കോടിയോളം വരിക്കാര്‍ക്ക് നല്‍കുക. ഇപിഎഫ്ഒയുടെ ശുപാര്‍ശ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും ഒരാഴ്ചക്കകം തീരുമാനമുണ്ടാകുമെന്നും ഇപിഎഫ്ഒയുമായി ബന്ധപ്പെട്ടവൃത്തങ്ങള്‍ സൂചിപ്പിച്ചു. തൊഴില്‍മന്ത്രാലയം തീരുമാനത്തിന് പച്ചക്കൊടികാണിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തെതുടര്‍ന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ഇപിഎഫ് പലിശ രണ്ട് ഘട്ടമായാണ് അക്കൗണ്ടില്‍ വരവുവെയ്ക്കുകയെന്ന് സെപ്റ്റംബറില്‍ തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് കുമാര്‍ ഗാങ് വാര്‍ അറിയിച്ചിരുന്നു. മൊത്തം ആസ്തിയുടെ 15ശതമാനമാണ് ഇപിഎഫ്ഒ ഇടിഎഫ് വഴി ഓഹരി വിപണിയില്‍ നിക്ഷേപിച്ചിട്ടുള്ളത്.