കയറ്റുമതിക്ക്‌ ആശ്വാസം; ഇന്ത്യയില്‍ നിന്നുള്ള കാരച്ചെമ്മീനിന്‍റെ പരിശോധന ജപ്പാന്‍ പൂര്‍ണമായും നീക്കി


കൊച്ചി:
 ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കാരച്ചെമ്മീനിന്‍റെ പരിശോധന ജപ്പാന്‍ പൂര്‍ണമായും പിന്‍വലിച്ചു. കൊവിഡ് ഭീതിയില്‍ അകപ്പെട്ടിരുന്ന രാജ്യത്തെ കയറ്റുമതി മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന കാരച്ചെമ്മീനില്‍ ആന്‍റി ബാക്ടീരിയല്‍ മരുന്നായ ഫ്യൂറസോളിഡോണിന്‍റെ അംശം പൂര്‍ണമായും ഇല്ലാതായതാണ് ജപ്പാന്‍റെ ഈ തീരുമാനത്തിനു പിന്നിലുള്ളത്.
ജപ്പാനിലെ ഇന്ത്യന്‍ എംബസി, സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി(എംപിഇഡിഎ), എക്സ്പോര്‍ട്ട് ഇന്‍സ്പെക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയെ ജപ്പാനിലെ ആരോഗ്യ-തൊഴില്‍-ക്ഷേമ മന്ത്രാലയം(എംഎച്എല്‍ഡബ്ള്യൂ) രേഖാമൂലം ഇക്കാര്യമറിയിച്ചു.
ഈ വര്‍ഷം മാര്‍ച്ച് 25 ന് കാരച്ചെമ്മീനിന്‍റെ പരിശോധന തോത് 30 ശതമാനമാക്കി ജപ്പാനിലെ ആരോഗ്യമന്ത്രാലയം കുറച്ചിരുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ നടന്ന ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയിലും ഫ്യൂറോസോളിഡോണിന്‍റെ അംശം കണ്ടെത്താനായില്ല. തുടര്‍ന്നാണ് ജപ്പാനിലെ ഭക്ഷ്യ-ശുചിത്വ നിയമത്തിന്‍റെ 26-ാം വകുപ്പ് പ്രകാരം കാരച്ചെമ്മീന്‍ ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് പരിശോധന പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചത്.
ഡിസംബര്‍ ഒന്നിനാണ് ഇന്ത്യയില്‍ നിന്നുളള കാരച്ചെമ്മീനിന്‍റെ പരിശോധന പൂര്‍ണമായും എടുത്തു കളഞ്ഞെന്ന ഔദ്യോഗിക അറിയിപ്പ് ജപ്പാനിലെ എല്ലാ ക്വാറന്‍റൈന്‍ മേധാവികള്‍ക്കും ലഭിച്ചത്.  ജപ്പാനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് പൊതുവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയമാനുസൃതമായ പതിവ് ആഭ്യന്തര നിരീക്ഷണം മാത്രം മതിയെന്നുമാണ് ഉത്തരവ്. 
2020 മാര്‍ച്ചില്‍ ജപ്പാനില്‍ നിന്നുള്ള രണ്ടംഗ വിദഗ്ധ സംഘം ഇന്ത്യയിലെ കാരച്ചെമ്മീന്‍ ഹാച്ചറികള്‍, പ്രജനന കേന്ദ്രങ്ങള്‍, സംസ്കരണ കേന്ദ്രങ്ങള്‍ മുതലായവ സന്ദര്‍ശിച്ചിരുന്നു.
കൊവിഡ് പകര്‍ച്ചവ്യാധി മൂലമുണ്ടായ പ്രതിസന്ധിയില്‍ ഉഴറി നില്‍ക്കുന്ന രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്നതാണ് ഈ തീരുമാനമെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ശ്രീ കെ എസ് ശ്രീനിവാസ് പറഞ്ഞു. കാരച്ചെമ്മീനിന്‍റെ പരിശോധന ഒഴിവാക്കണമെന്ന് വിവിധ വേദികളിലായി എംപിഇഡിഎ ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. പരിശോധന ഒഴിവാക്കാനുള്ള തീരുമാനം കാരച്ചെമ്മീന്‍ കൃഷി വര്‍ധിപ്പിക്കും. കേരളം പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ കാരച്ചെമ്മീന്‍ കര്‍ഷകര്‍ക്ക് ഊര്‍ജ്ജം പകരുന്നതുമാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യമുള്ള കാരച്ചെമ്മീന്‍ കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് നല്‍കുന്നതില്‍ കൊച്ചി വല്ലാര്‍പാടത്തെ എംപിഇഡിഎയുടെ മള്‍ട്ടി സ്പീഷീസ് അക്വാകള്‍ച്ചര്‍ സെന്‍റര്‍ മികച്ച പരിശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മികച്ച രോഗപ്രതിരോധശേഷിയും വളര്‍ച്ചയുമുള്ളതാണ് ഈ കുഞ്ഞുങ്ങളെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും ഇഷ്ടപ്പെടുന്ന ചെമ്മീന്‍ ഇനമാണ് കാരച്ചെമ്മീന്‍. ഇത് ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയുടെ ഒരു പ്രധാന ഇനമാണ്. ആകെ കയറ്റുമതിയുടെ 40 ശതമാനവും ജപ്പാനിലേക്കാണ്. യൂറോപ്യന്‍ യൂണിയനും അമേരിക്കയുമാണ് കാരച്ചെമ്മീനിന്‍റെ മറ്റ് പ്രധാന കയറ്റുമതി വിപണികള്‍.