പുതിയ വേതന ചട്ടം; അടിസ്ഥാനശമ്പളം, പിഎഫ് ഉയരും

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതുക്കിയ വേതന നിയമം നടപ്പില്‍ വരുന്നതോടെ അടിസ്ഥാന ശമ്പളത്തിന്റെയും അലവന്‍സുകളുടെയും കാര്യത്തില്‍ മാറ്റങ്ങള്‍ വരും. അടുത്ത ഏപ്രില്‍ മുതലാണ് ചട്ടം നിലവില്‍ വരുക.
ജീവനക്കാരുടെയും കമ്പനികളുടെയും പി എഫ് വിഹിതം കൂടും. പി എഫ് വിഹിതം കൂടുന്നത് കൊണ്ട് ജീവനക്കാര്‍ക്ക് പ്രതിമാസം കൈയില്‍ കിട്ടുന്ന തുകയില്‍ കുറവുണ്ടായേക്കും.
കമ്പനികളുടെ വേതന ഘടന തന്നെ മാറും. കാരണം പല കമ്പനികളിലും അലവന്‍സുകള്‍ ഒഴികെയുള്ള അടിസ്ഥാന ശമ്പളം മൊത്തം വേതനത്തിന്റെ 50 ശതമാനമല്ല ഇപ്പോള്‍. അതില്‍ കുറവാണ്. ചട്ടം നടപ്പാക്കപ്പെടുന്നതോടെ എല്ലാ കമ്പനികളും ഇത് 50 ശതമാനമായി നിജപ്പെടുത്തണം.
പ്രതിമാസം വേതനത്തില്‍ നിന്ന് കൂടുതല്‍ തുക പി എഫിലേക്കും മറ്റും പോകുന്നതുകൊണ്ട് ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ കിട്ടുന്ന തുകയില്‍ വര്‍ധനയുണ്ടാകും. കമ്പനികളുടെ പ്രൊവിഡന്റ് ഫണ്ട് വിഹിതം, ഗ്രാറ്റുവിറ്റി, ലീവ് എന്‍കാഷ്‌മെന്റ് എന്നിവ ചട്ടം നടപ്പിലാകുന്നതോടെ ഉയരും. കമ്പനികളുടെ ചെലവ് കൂടും.