രാജ്യം തയ്യാര്‍; അനുമതി കിട്ടിയാലുടന്‍ വാക്‌സിന്‍ വിതരണം

ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസറും കോവിഷീല്‍ഡും ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന് അപേക്ഷ നല്‍കി കഴിഞ്ഞു. ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെയും ശാസ്ത്രജ്ഞരുടെയും അനുമതി കിട്ടിയാലുടന്‍ വാക്‌സിന്‍ വിതരണത്തിന്റെ ആദ്യഘട്ടം ആരംഭിക്കും.
പ്രാഥമിക പട്ടികയിലുളള മുപ്പതു കോടിയോളം ജനങ്ങള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക. സര്‍ക്കാര്‍സ്വകാര്യ ആരോഗ്യസംവിധാനങ്ങളുടെ സഹായത്തോടെയാണ് സംസ്ഥാനകേന്ദ്രഭരണ പ്രദേശങ്ങള്‍ ഡേറ്റകള്‍ ശേഖരിക്കുന്നത്. ഇത് കോവിന്‍ എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ അപ് ലോഡ്‌ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്. നാഷണല്‍ എക്‌സ്പര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസട്രേഷന്‍ ഫോര്‍ കോവിഡ്
(എന്‍.ഇ.ജി.വി.എ.സി)യുടെ കീഴില്‍ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ വിതരണത്തിന് നേതൃത്വം നല്‍കും. സ്റ്റേറ്റ് സ്റ്റിയറിങ് കമ്മിറ്റികളുടെ സഹായത്തോടെയാകും സംസ്ഥാനങ്ങള്‍ വിതരണം നടപ്പാക്കുക. ചീഫ് സെക്രട്ടറിയായിരിക്കും സംസ്ഥാന കമ്മിറ്റിയെ നയിക്കുക.
ഒമ്പതോളം വാക്‌സിനുകളാണ് ഇന്ത്യയില്‍ വിതരണത്തിനായി ഒരുങ്ങുന്നത്. ഇതില്‍ ഫൈസറും കോവിഷീല്‍ഡും കോവാക്‌സിനും അടിയന്തര ഉപയോഗത്തിന് അനുമതി തേടിക്കഴിഞ്ഞു.