സൂചികകള്‍ക്ക് ചരിത്രനേട്ടം; സെന്‍സെക്‌സ് ആദ്യമായി 46000കടന്നു; നിഫ്റ്റി 13500 ഉം

മുംബൈ: ഓഹരി സൂചികകള്‍ക്ക് വീണ്ടും റെക്കോഡ് കുതിപ്പ്. സെന്‍സെക്‌സും നിഫ്റ്റിയും ചരിത്രനേട്ടമാണുണ്ടാക്കിയത്. സെന്‍സെക്‌സ് ഇതാദ്യമായി 46,000 വും നിഫ്റ്റി 13,500 വും കടന്നു.

തുടര്‍ച്ചയായ ദിവസങ്ങളില്‍ ഓഹരി സൂചികകള്‍ കുതിക്കുകയാണ്. ബാങ്ക്, എഫ്എംസിജി, ഐടി ഓഹരികള്‍ കുതിച്ചു. ലോഹം, പൊതുമേഖല ബാങ്ക് എന്നീ സൂചികകള്‍ നഷ്ടത്തിലുമായിരുന്നു

സെന്‍സെക്‌സ് 494.99 പോയന്റ് നേടി 46,103.50ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 136.10 പോയന്റ് ഉയര്‍ന്ന് 13,529.10ലുമെത്തി. ബിഎസ്ഇയിലെ 1604 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1103 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 133 ഓഹരികള്‍ക്ക് മാറ്റമില്ല.

യുപിഎല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഐഒസി, മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിന്‍ഡാല്‍കോ, ശ്രീ സിമെന്റ്‌സ്, അള്‍ട്രടെക് സിമെന്റ്, വിപ്രോ, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.