‘ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി; കേരളത്തിന് 2261 കോടി രൂപ വായ്പയെടുക്കാം

കേരളമുള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ക്ക് 23,523 കോടി രൂപ വായ്പയെടുക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് വായ്പയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

കേരളത്തിന് ആകെ 2,261 കോടി രൂപയാണ് വായ്പ എടുക്കാന്‍ സാധിക്കുക. സാധാരണ ഗതിയില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 3 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പയെടുക്കാവുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് മൊത്തം 5% എന്ന് കേന്ദ്രം തീരുമാനിക്കുകയായിരുന്നു. അധിക 2 ശതമാനത്തിലെ 0.25% വായ്പയ്ക്ക് അനുമതി വേണമെങ്കില്‍ ഈ മാസം 31നകം റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കണമെന്നാണ് വ്യവസ്ഥ. പൊതുവിതരണ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതിയിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത്.