തട്ടുകട ഭക്ഷണം കഴിക്കാന്‍ കൊതിയുണ്ടോ? സ്വിഗ്ഗി വീട്ടിലെത്തിക്കും


ഓണ്‍ലൈന്‍ ഭക്ഷ്യ ശ്യംഖലയായ സ്വിഗ്ഗിയിലൂടെ ഇനി തട്ടുകടയിലെ ഭക്ഷണവും വീട്ടിലെത്തും. തട്ടുകടക്കാരെയും തെരുവോര കച്ചവടക്കാരെയും സ്വിഗ്ഗി തങ്ങളുടെ ഭക്ഷ്യ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാക്കുകയാണ്. പ്രധാനമന്ത്രിയുടെ സ്വനിധി പദ്ധതി പ്രകാരമാണ് ഈ തീരുമാനം. കോവിഡ് കാരണം സാമ്പത്തിക തകര്‍ച്ച നേരിട്ട ഇത്തരം കച്ചവടക്കാര്‍ക്ക് കരുത്തേകി ഇന്ത്യയുടെ വാണിജ്യ മേഖലയെ ശക്തമാക്കാനാണ് മോദി സ്വനിധി പദ്ധതി ആരംഭിച്ചത്.
36000 തെരുവ് ഭക്ഷണ വ്യാപാരികളാണ് സ്വിഗ്ഗിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകുന്നത്. ആദ്യ ഘട്ടത്തില്‍ 125 നഗരങ്ങളിലെ കച്ചവടക്കാരെയാണ് സ്വിഗി കൂടെ കൂട്ടുന്നത്. ടയര്‍ രണ്ട്, ടയര്‍ മൂന്ന് നഗരങ്ങളിലെ തട്ടുകടക്കാരെയാണ് സ്വിഗി ആദ്യ ഘട്ടത്തില്‍ ഒപ്പം ചേര്‍ക്കുന്നത്. വാരണാസി, ഗ്വാളിയോര്‍, വഡോദര, വിശാഖപട്ടണം, ഉദയ്പൂര്‍, ലഖ്‌നൗ, ബിലായ് എന്നീ നഗരങ്ങള്‍ സ്വിഗിയുടെ ഭാഗമാവും.


അഹമ്മദാബാദ്, വാരണാസി, ചെന്നൈ, ദില്ലി, ഇന്‍ഡോര്‍ എന്നീ നഗരങ്ങളില്‍ പൈലറ്റ് പ്രൊജക്ട് ഒരുക്കുന്നുണ്ട്. 300 തെരുവോര കച്ചവടക്കാര്‍ ഇപ്പോള്‍ തന്നെ സ്വീഗിയുടെ ഭാഗമാണ്. ആഗോള തലത്തില്‍ തന്നെ ഏറ്റവും വലിയ പദ്ധതിയാണിത്.
സ്വിഗിയുടെ ആപ്പില്‍ പ്രത്യേക മേഖല തന്നെ തെരുവോര ഭക്ഷണത്തിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് കണ്ടെത്തി ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങാന്‍ സാധിക്കും. ഭക്ഷ്യസുരക്ഷയും സ്വിഗി ഉറപ്പാക്കുന്നുണ്ട്. ഇതുവരെ സ്വനിധി പദ്ധതിയില്‍ 1.47 ലക്ഷം പേരാണ് വായ്പയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്. ഇത്രയും പേര്‍ തെരുവോര ഭക്ഷണം വില്‍ക്കുന്ന കച്ചവടക്കാരാണ്. പതിനായിരം രൂപ വരെ പിഎം സ്വനിധി പദ്ധതിയിലൂടെ പെട്ടെന്ന് വായ്പ ലഭിക്കും.