വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ഇറക്കാനൊരുങ്ങി ജിയോ

മുംബൈ: രാജ്യത്തെ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കാനുളള ആലോചനകളുമായി റിലയന്‍സ് ജിയോ. സാങ്കേതിക മികവില്‍ 4ജി സ്മാര്‍ട്ട് ഫോണുകള്‍ ഇറക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ഇതിനായി റിയല്‍മി അടക്കമുളള കമ്പനികളുമായി ജിയോ ചര്‍ച്ച നടത്തിയെന്നാണറിയുന്നത്. ഇപ്പോഴും 2ജി ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിക്കുന്ന സാധാരണക്കാരായ ആളുകളെ 4ജിയിലേക്കും 5 ജിയിലേക്കും സാമ്പത്തികഭാരമില്ലാതെ മാറ്റുകയാണ് ലക്ഷ്യം.
റിലയന്‍സ് ഒരു കമ്പനി എന്ന നിലയ്ക്ക് ജിയോ ഫോണുകളിലൂടെ കണക്ടിവിറ്റിയൂടെ ഗുണങ്ങള്‍ 4 ജിയില്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കി. മറ്റ് 4 ജി ഡിവൈസുകളും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് റിയല്‍മി അടക്കമുളള സ്ഥാപനങ്ങളുമായി തങ്ങള്‍ ചര്‍ച്ച നടത്തുകയാണെന്ന് റിലയന്‍സ് ജിയോ ഡിവൈസസ് ആന്‍ഡ് മൊബിലിറ്റി പ്രസിഡണ്ട് സുനില്‍ ദത്ത് പറഞ്ഞു. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2020ല്‍ സംസാരിക്കുകയായിരുന്നു സുനില്‍ ദത്ത്.