കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ്; 20 ലക്ഷം കോടിയില്‍ ചെലവിട്ടത് പത്ത് ശതമാനം

മുംബൈ: കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഫലപ്രദമായി ഉപയോഗിച്ചില്ലെന്ന് വിവരാവകാശ രേഖ. കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജില്‍ പത്ത് ശതമാനം തുക പോലും വിതരണം ചെയ്തിട്ടില്ല. എട്ടുമാസം മുമ്പാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത്. കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങളൊന്നും ജനങ്ങളിലേക്ക് എത്തിയിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. പുനെയില്‍ നിന്നുള്ള വ്യവസായി പ്രഫുല്‍ സര്‍ദയാണ് വിവകരാവകാശ രേഖ പ്രകാരം അപേക്ഷ നല്‍കിയത്.
പാക്കേജിന്റെ ഭാഗമായി ആത്മനിര്‍ഭര്‍ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം കോടി രൂപയുടെ അടിയന്തരവായ്പ അനുവദിച്ചു എന്നാണ് ധനമന്ത്രാലയത്തിന്റെ മറുപടിയില്‍ പറയുന്നത്. വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ 1.20 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തത്.
ഈ പദ്ധതി അനുസരിച്ച് മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ വായ്പയെടുത്തത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. 20 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മൂന്ന് ലക്ഷം കോടി രൂപ മാത്രം അനുവദിച്ചിരിക്കെ ബാക്കി 17 ലക്ഷം കോടി രൂപ എന്ത് ചെയ്തുവെന്ന ചോദ്യം ശക്തമാണ്.