ചൈന വിട്ട് സാംസങ് ഇന്ത്യയിലേക്ക്

കൊറിയന്‍ കമ്പനിയായ സാംസങ്ങിന്റെ പ്രധാന ഉല്‍പാദന യൂണിറ്റ് ചൈനയില്‍ നിന്ന് ഇന്ത്യയിലെ നോയിഡയിലേക്ക് മാറ്റുമെന്നറിയിച്ചു. ഇതിനായി സാംസങ് ഇന്ത്യയില്‍ 4,825 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. മൊബൈല്‍, മറ്റു സ്മാര്‍ട് ഉല്‍പന്നങ്ങളുടെ ഡിസ്‌പ്ലേ പ്രൊഡക്ഷന്‍ യൂണിറ്റ് എന്നിവയാണ് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നത്.
നോയിഡയില്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് സാംസങ് ഡിസ്‌പ്ലേ നോയിഡ പ്രൈവറ്റ് ലിമിറ്റഡിന് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. സാംസങ്ങിന്റെ ആദ്യത്തെ ഹൈടെക്‌നിക് പദ്ധതിയായിരിക്കുമിത്. ഈ സൗകര്യമുള്ള ലോകത്തിലെ മൂന്നാമത്തെ യൂണിറ്റായി ഇത് മാറും.
2018 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നോയിഡയിലെ സാംസങ് പ്ലാന്റില്‍ ഇതിനകം തന്നെ മൊബൈല്‍ നിര്‍മാണം നടക്കുന്നുണ്ട്.
യുപി ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ് പോളിസി 2017 അനുസരിച്ചാണ് ഭൂമി കൈമാറ്റം. ഇത് വഴി സാംസങ്ങിന് ഇളവ് ലഭിക്കും. അഞ്ച് വര്‍ഷത്തേക്ക് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 250 കോടി രൂപ ധനസഹായം നല്‍കും.
കൂടാതെ കേന്ദ്ര പദ്ധതി പ്രകാരം 460 കോടി രൂപയുടെ സാമ്പത്തിക പ്രോത്സാഹനവും സാംസങ്ങിനു ലഭിക്കും.