ഫേസ്ബുക്കിനെതിരെ 48 അമേരിക്കന്‍ സ്റ്റേറ്റുകള്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിനെതിരെ അമേരിക്കന്‍ ഫെഡറല്‍ ട്രെയ്ഡ് കമ്മിഷനും 48 സ്റ്റേറ്റുകളും ചേര്‍ന്ന് സമാന്തര ആന്റി ട്രസ്റ്റ് കേസുകള്‍ ഫയല്‍ ചെയ്തു. ടെക്‌നോളജി കമ്പനികളെ വിലക്ക് വാങ്ങി മല്‍സരം ഇല്ലാതാക്കി വിപണിയില്‍ മുന്നിലെത്തുന്ന ഫേസ്ബുക്കിന്റെ തന്ത്രത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് സ്‌റ്റേറ്റുകള്‍ കേസ് നല്‍കിയത്. സോഷ്യല്‍ മീഡിയകളുടെ ഇടയില്‍ സ്വേച്ഛാധിപത്യപരമായ പെരുമാറ്റമാണ് നടത്തുന്നതെന്നാണ് ഫേസ്ബുക്കിനെതിരെ ഉയരുന്ന ആരോപണം. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് കമ്പനിക്കെതിരെയുള്ള സംയുക്ത നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഒരിക്കല്‍ തങ്ങളുടെ എതിരാളിയായി വളര്‍ന്ന് വരാന്‍ സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് ഫേസ്ബുക്ക് വാട്്‌സാപ്പിനെയും ഇന്‍സ്റ്റഗ്രാമിനേയും വാങ്ങിയത്
2012ല്‍ ഒരു ബില്യണ്‍ ഡോളര്‍ കൊടുത്താണ് ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാമിനെ കമ്പനി വാങ്ങിയത്. മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പിനെ 2014ല്‍ ആയിരുന്നു ഫേസ്ബുക്ക് സ്വന്തമാക്കിയത്. 19 ബില്യണ്‍ ഡോളര്‍ ചിലവിട്ടായിരുന്നു വാട്‌സ്ആപ്പിനെ കമ്പനിയുടെ ഭാഗമാക്കിയത്.