റിട്ടേണ്‍ സമര്‍പ്പിച്ചില്ല: 163000 സ്ഥാപനങ്ങളുടെ ജിഎസ്ടി രജിസ്‌ട്രേഷന്‍ റദ്ദാക്കി

രാജ്യത്തെ 163000 ബിസിനസ്സ് സ്ഥാപനങ്ങളുടെ ജിഎസ്ടി രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ റദ്ദാക്കി. വ്യാജമായി ആരംഭിക്കുകയും വ്യാജമായി ഇന്‍പുട്ട് ടാക്‌സ് നേടുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി്. ആറ് മാസത്തിലധികമായി ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാത്ത ബിസിനസ് സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയുണ്ടായത്. കോടിക്കണക്കിന് രൂപ ഇത്തരത്തിലുള്ള കമ്പനികള്‍ നേടിയെന്നാണ് അറിയുന്നത്.
വ്യാജ സ്ഥാപനങ്ങളും സര്‍ക്കുലര്‍ ട്രേഡിംഗ് സ്ഥാപനങ്ങളും ഉയര്‍ത്തുന്ന ഭീഷണി കൈകാര്യം ചെയ്യുന്നതിനായി കഴിഞ്ഞ ആറ് മാസമായി ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാത്ത കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചുവരുകയായിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 1,63,042 ജിഎസ്ടി രജിസ്‌ട്രേഷനുകള്‍ ജിഎസ്ടി അധികൃതര്‍ റദ്ദാക്കിയതായാണ് വിവരം.
ആറുമാസത്തിലേറെയായി ജിഎസ്ടിആര്‍ 3 ബി റിട്ടേണ്‍ സമര്‍പ്പിക്കാത്ത ഈ ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കെല്ലാം ആദ്യം റദ്ദാക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമമനുസരിച്ച് അവരുടെ രജിസ്‌ട്രേഷനുകള്‍ റദ്ദാക്കിയതെന്ന് ഉദ്യോഗസ്ഥ പ്രതിനിധി പറയുന്നു.