ജനുവരി മുതല്‍ ചെക്ക് ഇടപാടുകള്‍ക്ക് പുതിയ നിയമം

ചെക്ക് വഴിയുള്ള ഇടപാടുകള്‍ക്ക് 2021 ജനുവരി 1 മുതല്‍ പുതിയ ചട്ടം വരുന്നൂ. ചെക്ക് തട്ടിപ്പുകള്‍ തടയുന്നതിനായി റിസര്‍വ് ബാങ്ക് ആവിഷ്‌കരിച്ച പുതിയ ‘പോസിറ്റീവ് പേ’ സംവിധാനം വഴിയാണിത്. 50,000 രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ അതിവേഗം ക്ലിയര്‍ ചെയ്യാന്‍ പുതിയ നടപടികൊണ്ട് സാധിക്കും.
‘പോസിറ്റീവ് പേ’യ്ക്ക് കീഴില്‍ ചെക്ക് നല്‍കുന്ന വ്യക്തി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബാങ്കിന് കൈമാറണം. ഇഷ്യൂ ചെയ്യുന്ന സമയത്ത് അക്കൗണ്ട് ഉടമ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാകും അതത് ബാങ്കുകള്‍ ചെക്ക് പ്രോസസ് ചെയ്യുക. ചെക്കുകള്‍ക്ക് പോസിറ്റീവ് പേ സംവിധാനം ഏര്‍പ്പെടുത്തണമോ എന്ന കാര്യം അക്കൗണ്ട് ഉടമകള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്ക് ഇടപാടുകള്‍ക്ക് പുതിയ ചട്ടം ബാങ്കുകള്‍ നിര്‍ബന്ധമാക്കും.