നോക്കിയയുടെ ആദ്യ ലാപ്ടോപ്പ് പ്യൂര്‍ബുക്ക് X14; വില 59,990 രൂപ

ഇന്ത്യയിലെ നോക്കിയയുടെ ആദ്യ ലാപ്ടോപ്പ് പ്യൂര്‍ബുക്ക് X14 അവതരിപ്പിച്ചു . ഈ മാസം 18 മുതല്‍ ഫ്ലിപ്കാര്‍ട്ട് വഴി പ്രീ-ഓര്‍ഡര്‍ ചെയ്യാവുന്ന പ്യൂര്‍ബുക്ക് X14-ന് 59,990 രൂപയാണ് വില. എന്ന് മുതലാണ് നോക്കിയ പ്യൂര്‍ബുക്ക് X14-ന്റെ വില്പന ആരംഭിക്കുക എന്ന് പുറത്തുവിട്ടിട്ടില്ല എങ്കിലും മാറ്റ് ബ്ലാക്ക് നിറത്തില്‍ മാത്രമേ പ്യൂര്‍ബുക്ക് X14 വാങ്ങാന്‍ സാധിക്കൂ.

വിന്‍ഡോസ് 10 ഹോം പ്ലസ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്തതാണ് നോക്കിയ പ്യൂര്‍ബുക്ക് X14 വിപണിയിലെത്തിയിരിക്കുന്നത്. ഡോള്‍ബി വിഷനുള്ള 14 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ലാപ്‌ടോപ്പിന്. 86 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതം, 250 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സ്, 178 ഡിഗ്രി വ്യൂ ആംഗിള്‍ എന്നിവ ഈ ഡിസ്‌പ്ലേയുടെ സവിശേഷതകളാണ്. 1.6GHz ബേസ് ഫ്രീക്വന്‍സിയും 4.2GHz ടര്‍ബോ ഫ്രീക്വന്‍സിയുമുള്ള ഇന്റല്‍ കോര്‍ i5 10-ജെന്‍ പ്രോസസറാണ് നോക്കിയ പ്യൂര്‍ബുക്ക് X14-ന് കരുത്ത് പകരുന്നത്. 1.1GHz ടര്‍ബോ സ്പീഡുള്ള ഇന്റഗ്രേറ്റഡ് ഇന്റല്‍ യുഎച്ച്‌ഡി 620 ഗ്രാഫിക്സാണ് ലാപ്‌ടോപ്പിന്. 4K, ഇന്റല്‍ ക്വിക്ക് സിങ്ക് വീഡിയോ, ഇന്റല്‍ ഇന്‍ട്രു 3ഡി ടെക്നോളജി, ഇന്റല്‍ ക്ലിയര്‍ വീഡിയോ എച്ച്‌ഡി ടെക്നോളജി എന്നിവ ഈ ഗ്രാഫിക്‌സ് സപ്പോര്‍ട്ട് ചെയ്യും.

8 ജിബി ഡിഡിആര്‍ 4 റാമും 512 ജിബി എന്‍വിഎം എസ്‌എസ്ഡിയും ഹാര്‍ഡ് ഡ്രൈവുമാണ് നോക്കിയ പ്യൂര്‍ബുക്ക് X14-ന്. ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ടും ലാപ്‌ടോപ്പിനുണ്ട്. ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, രണ്ട് യുഎസ്ബി 3.1 പോര്‍ട്ടുകള്‍, ഒരു യുഎസ്ബി 2.0 പോര്‍ട്ട്, യുഎസ്ബി ടൈപ്പ് സി 3.1 പോര്‍ട്ട്, എച്ച്‌ഡിഎംഐ പോര്‍ട്ട്, ഇഥര്‍നെറ്റ് ജാക്ക്, ഓഡിയോ ഔട്ട്, ഒരു എംഐസി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ നോക്കിയ പ്യൂര്‍ബുക്ക് X14-ന് എട്ട് മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും. 65W ചാര്‍ജറുമായാണ് നോക്കിയ പ്യൂര്‍ബുക്ക് X14 വില്പനക്കെത്തിയിരിക്കുന്നത്. വിന്‍ഡോസ് ഹലോ-സര്‍ട്ടിഫൈഡ് എച്ച്‌ഡി ഐആര്‍ വെബ്‌ക്യാം, 1.4 എംഎം ട്രാവലുള്ള ബാക്ക്‌ലിറ്റ് കീബോര്‍ഡ്, ഒന്നിലധികം ജെസ്റ്റര്‍ ഓപ്ഷനുകളുള്ള പ്രെസിഷന്‍ ടച്ച്‌പാഡ് എന്നിവ ഉപയോഗിച്ച്‌ ഫെയ്‌സ് അണ്‍ലോക്കിനുള്ള സപ്പോര്‍ട്ടും ലാപ്‌ടോപ്പിനുണ്ട്. 16.8 എംഎം മാത്രം വണ്ണമുള്ള ലാപ്‌ടോപ്പിന് 1.1 കിലോഗ്രാം മാത്രമാണ് ഭാരം.