കെ-ഫോണിന്റെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍

ഫെബ്രുവരി മാസത്തിൽ കെ-ഫോണിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന കൺട്രോൾ സംവിധാനം, 14 ജില്ലാ നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സെന്ററുകൾ, ഇവയുമായി ബന്ധപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട ഓഫീസുകളുടെ നെറ്റ്‌വർക്കിംഗും പ്രവർത്തനക്ഷമമാകും. ജൂലൈ മാസത്തോടെ സമ്പൂർണമായി പദ്ധതി പൂർത്തീകരിക്കപ്പെടുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

സാമൂഹ്യസുരക്ഷയും ഉപജീവന സംരക്ഷണവും കേരളത്തിൽ ഉറപ്പായിട്ടുണ്ട്. കിഫ്ബി വഴി പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇനി വേണ്ടത് വൈജ്ഞാനിക സമൂഹത്തിലേയ്ക്കുള്ള നീക്കമാണ്. ഇതിൽ നിർണായകമാണ് കെ-ഫോൺ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

കെ-ഫോൺ സേവനദാതാവ് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ അല്ല. ഇൻഫർമേഷൻ സൂപ്പർ ഹൈവേയാണ്. ഇന്റർനെറ്റ് ബാക്ക് ബോൺ നൽകുന്നതിനാൽ ഏത് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറിനും ഉപയോഗിക്കാം. ഇപ്പോൾ നേരിട്ട് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറാകാൻ കെ-ഫോണിന് പരിപാടിയില്ല. പക്ഷേ വിവരവിനിമയ ശൃംഖലയും ഇന്റർനെറ്റ് സേവനങ്ങളും ആരുടെയും കുത്തക ഉടമസ്ഥതയിലാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാവർക്കും ഇടപെടാവുന്ന ഒരു ലെവൽ പ്ലെയിങ്ങ് ഫീൽഡായി കേരളത്തിലെ ഈ മേഖല മാറും.

കെ- ഫോൺ വരുന്നതുകൊണ്ട് സർക്കാരിന് പ്രതിവർഷം ഏതാണ്ട് 150 കോടി രൂപ സർക്കാർ ഓഫീസുകളുടെ നെറ്റ്‌വർക്കുകളിൽ ലാഭമുണ്ടാകും. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകൾ, താലൂക്ക്, വില്ലേജ് ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസുകൾ, സ്കൂളുകൾ, കോളജുകൾ എന്നിവയടക്കമുള്ള 30,000 സർക്കാർ ഓഫീസുകൾ വിവിധ ഇ- ഗവേണൻസ്, വെബ് സൈറ്റുകൾ, സേവന ജാലകങ്ങൾ എന്നിവ ഇൻട്രാനെറ്റിന്റെ ഭാഗമായി മാറും. പദ്ധതിയിലൂടെ സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും ഗുണമേന്മയും പലമടങ്ങു വർധിക്കുകയും ചെയ്യും. ഓരോ ഓഫീസും വൈഫൈ കേന്ദ്രവുമാകുമെന്ന് ഐസക് പറഞ്ഞു.

വൈജ്ഞാനിക സമൂഹത്തിൽ ആരും പാർശ്വവൽക്കരിക്കപ്പെടില്ല

ദരിദ്രർക്ക് ഇന്റർനെറ്റ് സൗജന്യമായി നൽകുന്നതിന് വേണ്ടിവരുന്ന ചെലവ് സർക്കാർ തന്നെ വഹിക്കും. ദരിദ്ര വിഭാഗങ്ങൾ വൈജ്ഞാനിക സമൂഹത്തിൽ നിന്ന് പാർശ്വവൽക്കരിക്കപ്പെടാതിരിക്കാനുള്ള വിലയാണിത്. ഇതിനുവേണ്ടി ജില്ലാ പ്രൊവൈഡർമാർ സബ്സിഡി ഇനത്തിൽ വഹിക്കേണ്ടി വരുന്ന നഷ്ടം അവരുടെ കെ-ഫോണിന് നൽകേണ്ട ബാൻഡ് വിഡ്ത്ത് ചാർജിൽ നിന്ന് കുറവു വരുത്തും. കെ-ഫോൺ ബിസിനസ് മോഡലിന്റെ ലാഭ സാധ്യതകൾ കണക്കുകൂട്ടിയപ്പോൾ ഈ സബ്സിഡി കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇങ്ങനെ സബ്സിഡി നൽകിയാലും ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനമായിരിക്കും കെ-ഫോൺ എന്നാണ് കണക്കുകൾ കാണിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.