1000 കോടി രൂപയുടെ പുതിയ വായ്പ പദ്ധതി പ്രഖ്യാപിച്ച് കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്. വ്യവസായ സംരംഭകര്‍ക്കായാണ് കെഎഫ്സി പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വന്തമായി വസ്തുവകകള്‍ ഇല്ലാത്ത സംരംഭകര്‍ക്ക് തേര്‍ഡ് പാര്‍ട്ടി സെക്യൂരിറ്റിയുടെ അടിസ്ഥാനത്തില്‍ കെഎഫ്സി വായ്പ നല്‍കും. സംരംഭകര്‍ക്ക് വായ്പ ലഭിക്കാന്‍ വസ്തു ഈട് വേണമെന്നില്ല. ഈ വര്‍ഷം ഇതിനകം വായ്പയായി വിതരണം ചെയ്ത 2,450 കോടി രൂപയ്ക്ക് പുറമേയാണ് പുതിയ വായ്പാ പദ്ധതി.
ഇതുവരെ ഈ വര്‍ഷം വിതരണം ചെയ്തത് 2450 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം മൊത്തത്തില്‍ 1446 കോടി രൂപ വിതരണം ചെയ്ത സ്ഥാനത്ത്, ഈ വര്‍ഷം ഇതോടെ വിതരണം ചെയ്യുന്ന വായ്പാ തുക 3450 കോടി രൂപ ആകുമെന്ന് കെ.എഫ്.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന് ജെ. തച്ചങ്കരി ഐ.പി.എസ് അറിയിച്ചു. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കോവിഡിന്റെ പശ്ചാത്തലത്തില്‍, ഉദാരമായ വായ്പകള്‍ നല്കാന് മടിച്ചു നില്ക്കുന്നിടത്താണ് കെ.എഫ്.സിയുടെ ഈ ആകര്‍ഷക നീക്കം.