വിപണന ശൃoഖല ശക്തിപ്പെടുത്തുന്നതിനായി റോക്ക പാരിവേർ- ടി വി എസ് സഹകരണം

 ചെന്നൈ: വിപണന ശൃoഖല ശക്തിപ്പെടുത്തുന്നതിനായി ടി വി എസ് സപ്ലൈചെയിൽ സൊല്യൂഷൻസുമായുള്ള കൂട്ടുകെട്ട് റോക്ക പാരിവേർ ശക്തിപ്പെടുത്തി. നേരത്തെ റോക്ക പാരിവേർ ഡീലർമാർക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് മാത്രമാണ് ടി വി എസ് സപ്ലൈചെയിൽ സൊല്യൂഷൻസിന്റെ സേവനം ഉപയോഗപ്പെടുത്തിയതെങ്കിൽ പുതിയ കരാർ പ്രകാരം ഫാക്റ്ററികൾ, വേർഹൗസുകൾ, കയറ്റുമതി കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും സഹകരണമുണ്ടാവും.

2018-ൽ ടി വി എസ് സപ്ലൈചെയിൽ സൊല്യൂഷൻസുമായുണ്ടാക്കിയ ധാരണപ്രകാരം രാജ്യത്തെ രണ്ടായിരത്തിലധികം വരുന്ന റോക്ക പാരിവേറിന്റെ ഡീലർമാർക്ക് യഥാസമയം സേവനമെത്തിക്കാൻ സാധിച്ചതായി റോക്ക പാരിവേർ മാനേജിങ് ഡയറക്റ്റർ കെ. ഇ. രംഗനാഥൻ പറഞ്ഞു. റോക്ക പാരിവേറിന് രാജ്യത്ത് 8 ഫാക്റ്ററികളും 12 വേർഹൗസുകളുമുണ്ട്. യു എസ് എ,  ബ്രസീൽ, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കും കുറേയധികം യൂറോപ്യൻ രാജ്യങ്ങളിലേക്കും കമ്പനി ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്നു. ആഗോള ഉൽപ്പന്നങ്ങൾക്കുള്ള ഇന്ത്യൻ ഡിമാൻഡ് കണക്കിലെടുത്ത് നിരവധി രാജ്യങ്ങളിൽ നിന്ന് ബാത്ത്റൂം,  ടൈൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുമുണ്ട്. റോക്ക പാരിവേറിനു പുറമെ അർമാനി റോക്ക, ലൗഫെൻ, ജോൺസൺ പെഡർ എന്നീ ബ്രാൻഡുകൾ കൂടി സ്വന്തമായുള്ള സ്‌പെയിനിലെ ബാഴ്സലോണ ആസ്ഥാനമായുള്ള റോക്ക ഗ്രൂപ്പ് ഇന്ത്യയിൽ  ബാത്ത്റൂം , ടൈൽ ഉൽപ്പന്ന വിപണിയിൽ ഒന്നാം സ്ഥാനത്താണ്. കോവിഡിനെ മറികടന്നുകൊണ്ട് വിൽപന ഇരട്ടിയാക്കാൻ കമ്പനിക്ക് ഈ വർഷം സാധിച്ചതായി രംഗനാഥൻ അവകാശപ്പെട്ടു. റോക്കയുമായുള്ള കഴിഞ്ഞ മൂന്ന് വർഷത്തെ ബന്ധം ഇരു കമ്പനികൾക്കും വളരെ ഗുണകരമായിരുന്നുവെന്ന്  ടി വി എസ് സപ്ലൈചെയിൽ സൊല്യൂഷൻസ്  മാനേജിങ് ഡയറക്റ്റർ ആർ. ദിനേശ് അഭിപ്രായപ്പെട്ടു.