കേരള സര്‍ക്കാരിന്റെ ജെന്‍ഡര്‍ പാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ യുഎന്‍ വിമന്‍ പങ്കാളിയാകും


തിരുവനന്തപുരം: ദക്ഷിണേഷ്യയിലെ വനിതാശാക്തീകരണം ലിംഗസമത്വം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ജെന്‍ഡര്‍ പാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ യുഎന്‍ വിമന്‍ പങ്കാളിയാകും. ഇതു സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിദ്ധ്യത്തില്‍ 21ന് തിങ്കളാഴ്ച ഒപ്പു വയ്ക്കും.

ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ ഡോ. പിടിഎം സുനീഷ്, യുഎന്‍ വിമന്‍ ഡെപ്യൂട്ടി റെപ്രസന്‍റേറ്റീവ് മിസ് നിഷ്ത സത്യം എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പു വയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വൈകിട്ട് 3 മണിക്കാണ് ചടങ്ങ്. സംസ്ഥാന ആരോഗ്യ-സാമൂഹ്യക്ഷേമ-വനിത ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചര്‍, സാമൂഹ്യനീതി-വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ലിംഗനീതി നടപ്പാക്കുന്നതിനു വേണ്ടിയുള്ള നയരൂപീകരണം, ഗവേഷണം, വിദ്യാഭ്യാസം, സാമൂഹ്യ ഇടപെടല്‍ തുടങ്ങിയവ നടത്തുന്ന ജെന്‍ഡര്‍ പാര്‍ക്കിന് ഈ സഹകരണം ഊര്‍ജ്ജം പകരുമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തിലെ ഈ മേഖലയില്‍ ഏറെക്കാലമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് യുഎന്‍ വിമന്‍റെ പങ്കാളിത്തമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ലിംഗനീതിക്കും വനിതാശാക്തീകരണത്തിനുമായി സാമൂഹിക നീതിവകുപ്പ് ജെന്‍ഡര്‍ പാര്‍ക്കിലൂടെ നടപ്പാക്കുന്ന നൂതനമായ സംരംഭങ്ങളെ വിപുലീകരിക്കുന്നതിന് ഈ സഹകരണം പ്രയോജനപ്പെടുമെന്ന് ശ്രീ ബിജു പ്രഭാകര്‍ പറഞ്ഞു. ലിംഗനീതിക്കു വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരുമിപ്പിക്കുന്ന പ്രസ്ഥാനമാണ് ജെന്‍ഡര്‍ പാര്‍ക്ക്. ജെന്‍ഡര്‍ ലൈബ്രറി, മ്യൂസിയം, സുസ്ഥിര സംരംഭങ്ങള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സഹായകമായ പരിശീലന കേന്ദ്രം തുടങ്ങിയ പദ്ധതികള്‍ ജെന്‍ഡര്‍ പാര്‍ക്കിനുണ്ട്.
ഇന്ത്യയിലാകെയും ശ്രീലങ്ക, മാലി, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലെയും യുഎന്‍ വിമന്‍ ഓഫീസുകളിലേയ്ക്ക് ജെന്‍ഡര്‍ പാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച് പാര്‍ക്കിനെ ആഗോളതലത്തില്‍ ഒരു ‘സൗത്ത് ഏഷ്യന്‍ ഹബ്ബ്’ ആക്കിമാറ്റാനാണ് യുഎന്‍ വിമന്‍ ലക്ഷ്യമിടുന്നത്. സാമൂഹിക സംരംഭങ്ങള്‍ നടപ്പാക്കുന്നതിനുള്ള നയരൂപീകരണത്തിനു രൂപം നല്‍കാനും യുഎന്‍ വിമന്‍ ജെന്‍ഡര്‍ പാര്‍ക്കിനെ സഹായിക്കും. കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്ക് ക്യാമ്പസ് വികസനത്തിന്‍റെ ഭാഗമായി ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്മെന്‍റില്‍ ‘ജെന്‍ഡര്‍ ഡേറ്റ സെന്‍റര്‍’ സ്ഥാപിക്കാന്‍ യുഎന്‍ വിമന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 
സമൂഹത്തിലെ എല്ലാ വിഭാഗക്കാരുമായി സഹകരിച്ച് ലിംഗസമത്വത്തിനും വനിതകളുടെ അവകാശത്തിനുമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് യുഎന്‍ വിമന്‍. ശ്രീലങ്ക, ഭൂട്ടാന്‍, മാലി എന്നീരാജ്യങ്ങള്‍ക്കു കൂടിയുള്ളതാണ് ഡല്‍ഹിയിലെ യുഎന്‍ വിമന്‍ ഓഫീസ്. ബജറ്റുകള്‍, ദേശീയാസൂത്രണം എന്നിവയടക്കം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരിക എന്നത് യുഎന്‍ വിമന്‍-ന്‍റെ ലക്ഷ്യങ്ങളില്‍ പെടും.