പുത്തന്‍ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കി അമിതാഭ് ബച്ചന്‍


അമിതാഭ് ബച്ചന്റെ വാഹന ശേഖരത്തിലേക്ക് ടൊയോട്ടയുടെ എം.പി.വി മോഡലായ ഇന്നോവ ക്രിസ്റ്റയുടെ പുതിയപതിപ്പും എത്തി.
കഴിഞ്ഞ മാസം ടൊയോട്ട അവതരിപ്പിച്ച ഇന്നോവ ക്രിസ്റ്റയുടെ മുഖം മിനുക്കിയ മോഡലാണ് കോടികള്‍ വിലമതിക്കുന്ന വാഹനങ്ങളുടെ ഗ്യാരേജിലേക്ക് എത്തിയത്.
ടൊയോട്ട ഡീലര്‍ഷിപ്പ് ഉദ്യോഗസ്ഥര്‍ അമിതാഭ് ബച്ചന് വാഹനം കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
ക്രിസ്റ്റയുടെ ഏത് വേരിയന്റാണ് അദ്ദേഹം വാങ്ങിയതെന്ന് വ്യക്തമായിട്ടില്ല. 16.26 ലക്ഷം രൂപ മുതല്‍ 24.33 ലക്ഷം രൂപ വരെയാണ് മുഖം മിനുക്കിയ ക്രിസ്റ്റയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില.
ട്രെപ്‌സോയിഡല്‍ പിയാനോ ബ്ലാക്ക് ഗ്രില്ല്, കൂര്‍ത്ത മുനയുള്ള പുതിയ ബംമ്പര്‍, പുതിയ ഡിസൈനിലുള്ള ഡയമണ്ട് കട്ട് അലോയി വീലുകള്‍ എന്നിവയാണ് ഇന്നോവ ക്രിസ്റ്റയില്‍ വരുത്തിയിട്ടുള്ള പുതുമകള്‍.

ആഡംബര വാഹനങ്ങളുടെ നീണ്ട നിരയാണ് ബിഗ് ബിയുടെ ഗ്യാരേജിലുള്ളത്. മെഴ്‌സിഡീസ് ബെന്‍സ് എസ്‌ക്ലാസ്, വിക്ലാസ്, റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, ലെക്‌സസ് എല്‍.എക്‌സ്570, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി, പോര്‍ഷെ കയേന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ വാഹനശേഖരത്തിലെ വമ്പന്‍മാര്‍.